റിയാദ്: സഊദിയിൽ നിയമ ലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന കൂടുതൽ കർശനമാക്കി. റോഡുകളിലും വാഹനങ്ങളിലും പരിശോധന കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. വാഹനങ്ങളിലെ ഡ്രൈവർമാരുടെയും വാഹന രാജിട്രേഷന്റെയും ലൈസൻസുകൾ ഒത്തു നോക്കുന്നതടക്കമുള്ള പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ചവരെ കണ്ടെത്തുന്നതിനായി നടത്തിയപരിശോധനകളുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം അധികൃതർ പുറത്തിട്ടു.
ഏറ്റവും ഒടുവിലത്തെ ആഴ്ചയിൽ മാത്രം 13,594 ഓളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോർട്ടിൽ വ്യക്തമാക്കി. ഫെബ്രുവരി 17 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത ഫീൽഡ് കാംപയിനിടെയാണ് അറസ്റ്റ്.
7,465 താമസ നിയമ ലംഘകർ, 4,299 അതിർത്തി സുരക്ഷാ സംവിധാന ലംഘകർ, 1,830 തൊഴിൽ ലംഘകർ എന്നിവരുൾപ്പെടെ 13,594 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത് വരെ പിടികൂടിയ നിയമ ലംഘകരിൽ 8,432 പേരെ നാട് കടത്തിയതായും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാ സൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ പത്ത് ലക്ഷം റിയാൽ വരെ പിഴയും 15 വർഷം വരെ തടവ് ശിക്ഷയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിനു പുറമെ കൂടാതെ അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും സൗകര്യം ചെയ്ത്കൊടുത്ത കേന്ദ്രങ്ങളും വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്യും.




