റിയാദ്: കൊവിഡ് സംബന്ധമായ ഐസൊലേഷനും ക്വാറന്റൈനുമുള്ള നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. ഇവ ലംഘിച്ചാൽ 200,000 റിയാൽ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയ മുന്നറിയിപ്പിൽ പറയുന്നു.
ഐസൊലേഷൻ അല്ലെങ്കിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് 200,000 റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ട് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടി ഒരുമിച്ചോ ലഭിക്കുമെന്ന് മന്ത്രാലയം ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ അറിയിച്ചു.
നിയമലംഘനം ആവർത്തിച്ചാൽ മുൻ തവണ ചുമത്തിയ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഈ നിയമ ലംഘനം നടത്തിയത് വിദേശിയാണെങ്കിൽ ശിക്ഷാ നടപടികൾക്ക് ശേഷം അവനെ രാജ്യത്തിൽ നിന്ന് നാട് കടത്തുമെന്നും പൂർണ പ്രവേശന വിലക്കൊടെ ആയിരിക്കും ഇതെന്നും മന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പിൽ ആവർത്തിക്കുന്നു.





