രാജ്യത്തെ ആദ്യത്തെ വാട്ടർ അമ്യൂസ്‌മെന്റ് പാർക്ക് ഖിദ്ദിയ്യയിൽ ഉയരുന്നു, 2.8 ബില്യൺ റിയാൽ കരാർ ഒപ്പ് വെച്ചു

0
2285

റിയാദ്: വാട്ടർ ഗെയിമുകൾക്കായുള്ള സഊദിയിലെ ആദ്യത്തെ അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മിക്കുന്നതിന് കരാറിൽ ഒപ്പ് വെച്ചു. 2.8 ബില്യൺ റിയാലിന്റെ കരാർ രണ്ട് കമ്പനികൾക്കാണ് നൽകുന്നതെന്ന് ഖിദ്ദിയ്യ അറിയിച്ചു. ഖിദ്ദിയയിലെ ഏറ്റവും പ്രമുഖ വിനോദ കേന്ദ്രങ്ങളിലൊന്നായ പാർക്ക് നിർമ്മിക്കുന്നതിനുള്ള സംയുക്ത പദ്ധതിയിൽ അലക് എഞ്ചിനീയറിംഗ് ആൻഡ് കോൺട്രാക്റ്റിങ്, അൽ-സീഫ് എഞ്ചിനീയറിംഗ് എന്നിവർക്കാണ് കരാറുകൾ നൽകിയത്.

252,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് വാട്ടർ പാർക്ക് നിർമ്മിക്കുന്നത്. അതിൽ 22 ഗെയിമുകളുംപ്രത്യേക ആകർഷണങ്ങളാണ്. ഇവയിൽ ഒമ്പത് ഗെയിമുകൾ ലോകത്തിലെ തന്നെ ആദ്യത്തേതാണ്. പാമ്പുകളുടെ താഴ്വര, അറേബ്യൻ ഉച്ചകോടി, മേച്ചിൽ സ്ഥലങ്ങൾ, അൽ-റമജ തടാകം തുടങ്ങിയവയാണ് ഏവരുടെയും മനം കവരുന്ന വിനോദ പദ്ധതികൾ.

ഖിദ്ദിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ ബോർഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്ല ബിൻ നാസർ അൽ ദാവൂദ്, അലക് എഞ്ചിനീയറിംഗ് ആൻഡ് കോൺട്രാക്ടിംഗ് സിഇഒ കീസ് ടെയ്‌ലർ, അൽ സെയ്ഫ് എഞ്ചിനീയറിംഗ് കോൺട്രാക്ടിംഗ് കമ്പനി സിഇഒ അഹമ്മദ് അൽ ബസ്സാം എന്നിവരാണ് കരാർ ഒപ്പിട്ടത്. ഖിദ്ദിയയിലെ എക്‌സ്പീരിയൻസ് ആൻഡ് വിസിറ്റേഴ്‌സ് സെന്ററിൽ നടന്ന പ്രത്യേക ചടങ്ങിൽ തറക്കല്ലിടൽ, നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.