റിയാദ്: “ഉംറ ഹോസ്റ്റ്” വിസ റദ്ദാക്കിയതായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രത്യേക നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി രാജ്യത്തിന് പുറത്ത് നിന്നുള്ള ഉംറ തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാൻ പൗരന്മാരെയും സഊദിയിലെ താമസക്കാരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയായിരുന്നു “ഉംറ ഹോസ്റ്റ്” പദ്ധതി. ഇതാണ് ഇപ്പോൾ റദ്ദാക്കിയതായി മന്ത്രാലയം സ്ഥിരീകരിച്ചത്.
ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും മാറ്റങ്ങൾ ഇനിയുണ്ടാകുന്ന പക്ഷം ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണങ്ങൾക്ക് മറുപടിയായി മന്ത്രാലയം പറഞ്ഞു.
സഊദിയില്‍ ഇഖാമയുള്ള വിദേശികള്‍ക്ക് ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കുന്ന ഉംറ ഓഫ് ദി ഹോസ്റ്റ് പദ്ധതി 2019 ലാണ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. വിദേശികളുടെ റസിഡന്റ് പെര്‍മിറ്റ് ആയ ഇഖാമ നമ്പര്‍ വഴി ബന്ധുക്കളെയും സ്വദേശികള്‍ക്ക് ബന്ധുക്കള്‍ അല്ലാത്തവരെയും ഉംറക്കായി കൊണ്ടുവാരന്‍ സാധിക്കുന്നതായിരുന്നു പദ്ധതി.
ഉംറ തീര്‍ഥാടകരെ സ്വന്തം ഉത്തരവാദിത്വത്തിൽ ആതിഥേയരായി റിക്രൂട്ട് ചെയ്യാന്‍ ഇതു മൂലം സാധിച്ചിരുന്നു. ഒരേ സമയം അഞ്ച് വ്യക്തികളെ വരെ ഉംറ അതിഥികളായി കൊണ്ട് വരാന്‍ സാധിക്കുന്ന തരത്തിലായിരുന്നു പ്രഖ്യാപനം. ഇത്തരത്തിൽ പ്രതിവര്‍ഷം മൂന്ന് തവണ വരെ ആളുകളെ കൊണ്ടുവരാമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.