ജിസാൻ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം, 16 പേർക്ക് പരിക്ക്, മൂന്ന് യാത്രക്കാർക്ക് ഗുരുതരം

0
3471

റിയാദ്: യമൻ അതിർത്തി പ്രദേശമായ ജിസാനിലെ കിംഗ് അബ്ദുല്ല എയർപോർട്ടിനു നേരെയുണ്ടായ ഹൂത്തി ഡ്രോണാക്രമണ ശ്രമം തകർത്തതായി സഖ്യസേന അറിയിച്ചു. തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവർ വിമാന യാത്രക്കാർ ആണെന്നാണ് വിവരം. അറബ് സഖ്യ സേനയാണ് ഇതു സംബന്ധമായ പ്രാഥമിക വിവരങ്ങൾ പുറത്തു വിട്ടത്. പരിക്കേറ്റവർ മുഴുവൻ സാധാരണക്കാരാണ്. യമനിലെ സൻആ എയർപോർട്ടിൽ നിന്നാണു ജിസാനു നേരെ ആക്രമണം ഉണ്ടായത്.

ജിസാനിലെ അൽ മബ്ഊജ് ഗ്രാമത്തിന് നേരെ ഹൂതികള്‍ ഇന്ന് ഡ്രോണ്‍ ആക്രമണം നടത്തിയതായും അവ തകർന്നു വീണതായും സഖ്യ സേന നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ ആളപായമോ നാശ നഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. സൻആ വിമാനത്താവളത്തില്‍ നിന്നു തന്നെയാണ് ഈ ആക്രമണവും ഉണ്ടായത്. ഇതിന് തൊട്ടു പിന്നാലെയാണ് എയർപോർട്ടിന് നേരെ നടന്ന ആക്രമണം പുറത്ത് വന്നത്.

അതേ സമയം സിവിലിയന്മാർക്ക് നേരെയുള്ള ഹൂത്തി ആക്രമണങ്ങൾക്ക് സഖ്യ സേന കനത്ത തിരിച്ചടി നൽകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം സഖ്യ സേന ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി 45 ഓപറേഷനാണു നടത്തിയത്. ഈ നീക്കങ്ങളിൽ നിരവധി ഹൂത്തികൾ കൊല്ലപ്പെടുകയും 21 ഹൂത്തി സൈനിക വാഹനങ്ങൾ തകർക്കുകയും ചെയ്തിട്ടുണ്ട്.

ജസാനെതിരെ ഇറാൻ പിന്തുണയുള്ള ഭീകരൻ ഹൂതി മിലിഷ്യ, ബോധപൂർവവും ആസൂത്രിതമായി സിവിലിയൻമാരെയും സിവിലിയൻ സൗകര്യങ്ങളും ലക്ഷ്യമിട്ട് സ്‌ഫോടകവസ്തു നിറച്ച ഡ്രോൺ വിക്ഷേപിച്ചതിനെ വിവിധ ലോകരാജ്യങ്ങൾ ശക്തമായി അപലപിച്ചു. സഊദി അറേബ്യയുടെ സുരക്ഷ, സ്ഥിരത, പ്രാദേശിക സമഗ്രത എന്നിവ നിലനിർത്തുന്നതിന് സ്വീകരിക്കുന്നതിനുള്ള എല്ലാ നടപടികളിലും ബഹ്‌റൈൻ പിന്തുണയ്ക്കുന്നുവെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.