ഇതാണ് സഊദി പോലീസ്….; വർഷങ്ങൾക്ക് മുമ്പ് നാടണഞ്ഞ മലയാളിയെ കണ്ടെത്തി വൻ തുക തിരിച്ചു നൽകി, ആളെ കണ്ടെത്തിയത് മലയാളി സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ

0
6641

ദമാം: സഊദീ സുരക്ഷാ വിഭാഗത്തിന്റെ ആത്മാർത്ഥതയും മലയാളി സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലും മൂലം നാടണഞ്ഞ മലയാളിക്ക് വൻ തുക തിരിച്ചു ലഭിച്ചു. 2014 ൽ എട്ട് മാസത്തോളം ജയിൽ ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് കയറ്റി വിട്ട തൃശൂർ സ്വദേശിക്കാണ് അവിചാരിതമായ സാമ്പത്തിക നേട്ടമുണ്ടായത്. ഏഴ് വർഷത്തോളമായിട്ടും പോലീസിലകപ്പെട്ടപ്പോൾ കൈവശമുണ്ടായിരുന്ന ഇത്രയും തുക ഇപ്പൊഴും അവശേഷിക്കുന്നു എന്നറിയിച്ച സഊദി സുരക്ഷാ വിഭാഗത്തിന്റെ ആത്മാർത്ഥതയും വിശ്വാസ്യത യുമാണ് വൻ തുക തിരികെ ലഭിക്കാൻ ഇടയാക്കിയത്. പിടിക്കപ്പെടുമ്പോൾ പോലീസ് കസ്റ്റഡിയിൽ എടുത്ത വസ്തുക്കളിൽ ഉൾപ്പെട്ടതായിരുന്നു ഈ പണം.

ഒന്നര മാസം മുമ്പേ ജുബൈൽ പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് ക്യാപ്റ്റൻ സാമൂഹ്യ സാമൂഹ്യ പ്രവർത്തകരായ സൈഫുദ്ദീൻ പൊറ്റശ്ശേരിയോടും സലിം ആലപ്പുഴയോടും വിഷയം അറിയിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു. പോലീസ് കൈവശമുള്ള മേൽ വിലാസവും തുകയും അറിയിച്ച് ആളെ കണ്ടെത്താനായിരുന്നു സഹായം തേടിയത്. ഇന്ത്യൻ എംബസിയിൽ നിന്നും ലഭ്യമാകുന്ന നാട്ടിലെ നമ്പറിനായി സൈഫുദ്ദീൻ പൊറ്റശ്ശേരി എംബസിയെ സമീപിച്ചെങ്കിലും വ്യക്തമായ നമ്പർ ലഭിക്കാതെ പോയതിനാൽ പിന്നീട് സോഷ്യൽ മീഡിയ വഴിയായി കണ്ടെത്താൻ ശ്രമം. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളെ ആശ്രയിച്ച് സഹൃദയരായ പല മലയാളി സുഹൃത്തുകളുടെയും ശ്രമഫലമായി നാട്ടിലെ നമ്പർ ലഭിക്കുകയും തുകയുടെ ഉടമയുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തുകയും ചെയ്തു.

അതു പ്രകാരം തുകയുടെ ഉടമ ആവശ്യമായ നടപടികൾ പിന്തുടരാനായി സൈഫുദ്ദീൻ പൊറ്റശേരിയെ ഏൽപിക്കാനായി എംബസിയോട് ആവശ്യപ്പെട്ട് ഇമെയ്ൽ സന്ദേശം അയക്കുകയായിരുന്നു. ഇന്ത്യൻ എംബസിയിലെ ജയിൽ വിഭാഗം ഉദ്യോഗസ്ഥനും എഴുത്തുകാരനും കൂടിയായ യൂസുഫ് കാക്കഞ്ചേരി അറ്റാഷേ പവൻ കുമാറുമായി ബന്ധപ്പെട്ട് സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ പേരിൽ അനന്തരനടപടികൾക്കായി എംബസിയുടെ അനുമതിപത്രം തയാറാക്കി. ആവശ്യമായ രേഖകളും അംഗീകാര പത്രവും അടക്കം ജുബൈൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും കിഴക്കൻ പ്രവിശ്യാ പോലീസ് മേധാവിയുടെ ദമാം ഓഫീസിലേക്കയക്കുകയും ചെയ്തു.

ഒരാഴ്ചക്ക് ശേഷം ഏതാണ്ട് ഏഴായിരം റിയാലിന്റെ എംബസിയുടെ പേരിൽ ഇഷ്യു ചെയ്ത ചെക്ക് ദമാമിൽ നിന്നും ഏറ്റ് വാങ്ങി റിയാദ് എംബസിക്കയച്ചു നൽകി. അനന്തരനടപടികൾക്ക് ശേഷം എംബസി തുകയുടെ ഉടമക്ക് താമസിയാതെ തന്നെ നാട്ടിലെ എക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുമെന്നറിയിച്ചിട്ടുണ്ട്. ഇത്രയും തുക വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു സ്വപ്നത്തിലെന്നപോലെ അവിചാരിതമായി ചെക്കായി ലഭിച്ചു എന്നറിഞ്ഞ സന്തോഷത്തിലാണ് തൃശൂർ വടക്കും മുറി സ്വദേശി ശ്രീനേശ്. സഊദി സുരക്ഷാ വിഭാഗത്തിന്റെ ആത്മാർത്ഥതയെയും വിശ്വാസത്തേയും എംബസിയുടെയും സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലുകളെക്കുറിച്ചും പുകഴ്ത്തിക്കൊണ്ട് സന്തോഷപൂർവ്വം ഹൃദയം നിറഞ്ഞ നന്ദിയറിക്കുകയാണ് അദ്ദേഹവും ഭാര്യയും