ദമാം: പ്രശസ്ത ലോക സഞ്ചാരിയും യൂട്യൂബറുമായ മല്ലു ട്രാവലർ കേരള രജിസ്ട്രഷൻ വാഹനവുമായി സഊദിയിലെത്തി. ഒന്നര വർഷത്തോളം നീണ്ടു നിൽക്കുന്ന ലോക യാത്രയുടെ ഭാഗമായാണ് കേരള രജിസ്ട്രേഷൻ വാഹനവുമായി മലയാളി കുടുംബം സഊദിയിലെത്തിയത്. സഊദിയിലെത്തിയ മല്ലു ട്രാവലർ സംഘമായ ഷാക്കിറിനേയും കുടുംബത്തേയും അറേബ്യൻ ഓഫ് റോഡേഴ്‌സ് ദമാം സഊദിയിലേക്ക് സ്വീകരിച്ചു.
ഇന്ത്യൻ രജിസ്‌ട്രേഷൻ വാഹനവുമായി നടത്തുന്ന ലോക പര്യടനത്തിന്റെ ഭാഗമായാണ് ഒന്നര വർഷത്തോളം നീണ്ടു നിൽക്കുന്ന യാത്ര ഇപ്പോൾ മൂന്ന് രാജ്യങ്ങൾ പിന്നിട്ടതിന് ശേഷം സഊദിയിലെത്തിയത്. ലോക പര്യടനത്തിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ ടയോട്ട ഫോർച്യൂണറിലാണ് കുടുംബത്തിന്റെ യാത്ര. സഊദിയിലെ പ്രശസ്ത ഓഫ് റോഡ് അഡ്വഞ്ചർ ഗ്രൂപ്പായ അറേബ്യൻ ഓഫ് റോഡേഴ്‌സും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് സഊദി-യു.എ.ഇ അതിർത്തിയിലെത്തിയാണ് മല്ലു ട്രാവലർ സംഘത്തെ സ്വീകരിച്ചത്.
സഊദി വഴി സംഘം നേരെ ബഹ്‌റൈനിലേക്കാണ് തിരിച്ചത്. തുടർന്ന് ഖത്തർ, കുവൈത് സന്ദർശന ശേഷം ആയിരിക്കും സഊദിയിലെ വിശദമായ പര്യടനം. അറേബ്യൻ ഓഫ് റോഡേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ നവാഫ് അരീക്കോട്, മൻസൂർ മങ്കട, അബ്ദുറഷീദ് ചേന്ദമംഗല്ലൂർ, മഹറൂഫ് മണ്ണിൽ, അംജദ് പുത്തൂർമഠം, മുഹമ്മദ് നുഅ്മാൻ, വിപിൻ, അഹമ്മദ് മഹ്ലൂഫ്, മഹറൂഫ് ബദർ, ജംഷാദ് ഷാനു, ഷാഹിദ്, ജംഷീർ എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.
നേരത്തെ മറ്റൊരു യുവാക്കളായ ഇരു സംഘം KL രജിസ്ട്രഷൻ ഥാർ വാഹനവുമായി സഊദിയിൽ എത്തിയിരുന്നു. ഇവർ ഇപ്പോൾ സഊദിയുടെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി വരികയാണ്.