ഓരോ രാജ്യത്തെക്കുമുള്ള യാത്രാ നടപടികൾക്കായി “തവക്കൽന”യിലെ “അയാട്ട” അപ്ഡേറ്റ് പരിശോധിക്കാമെന്ന്

0
3359

റിയാദ്: ഓരോ രാജ്യത്തേക്കുമുള്ള പ്രവേശന നടപടികൾ “തവക്കൽന” യിലെ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) വഴി അറിയാനാകുമെന്ന് തവക്കൽന. ഓരോ രാജ്യത്തേക്കുമുള്ള പ്രവേശന യാത്രാ നടപടികൾ അത് വഴി അറിയുന്നതോടൊപ്പം അത് പാലിച്ചായിരിക്കണം യാത്ര ചെയ്യേണ്ടത്. ഇതിനായുള്ള കരാർ നേരത്തെ തന്നെ അയാട്ടായുമായി തവക്കൽന ഒപ്പ് വെച്ചിരുന്നു. തവക്കൽന ആപ്പിന്റെ നിർമ്മാതാക്കളായ സഊദി ഡേറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയും (SDAIA) ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും ഓപ്പറേഷൻ പ്രോട്ടോക്കോൾ കരാറിലും കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഒപ്പ് വെച്ചിരുന്നു.

തവക്കൽനയിലെ സേവനങ്ങളിലെ ഹെൽത് ട്രാവൽ ആവശ്യകതകൾ (Health Travel Requirements) എന്നതിൽ പ്രവേശിച്ചാണ് ഈ സേവനം ഉപയോഗപ്പെടുത്തേണ്ടത്. ഏത് രാജുത്തേക്കാണോ പോകാൻ ഉദ്ദേശിക്കുന്നത്, ആ രാജ്യവും യാത്രാ തിയ്യതിയും അവിടെ ഇറങ്ങുന്ന തിയ്യതിയും നൽകിയാൽ ആ രാജ്യത്തേക്ക് ആവശ്യമായ യാത്രാ നടപടികൾ വ്യക്തമായി അറിയാൻ സാധിക്കും. ഇതു പാലിച്ചായിരിക്കണം യാത്രക്കൊരുങ്ങേണ്ടത്. അതെ സമയം, ഇന്ത്യക്കാർക്ക് ഇപ്പോഴും ആർ ടി പി സി ആർ തന്നെ വേണമെന്നാണ് അയാട്ട അറിയിപ്പിൽ പറയുന്നത്.

മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾക്കനുസൃതമായി യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നത് കൂടാതെ, അംഗീകൃത ഉറവിടങ്ങളിൽ നിന്നും ലബോറട്ടറികളിൽ നിന്നും ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ഒരു സംരംഭമായി എയർലൈനുകളുമായി സഹകരിച്ച് “തവക്കൽന” ആപ്ലിക്കേഷനെ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) മായി ബന്ധിപ്പിക്കുന്നതിനുള്ള സഹകരണം ലക്ഷ്യമാക്കിയാണ് ഇരു പാർട്ടികളും കഴിഞ്ഞ വർഷം കരാറിൽ ഒപ്പ് വെച്ചിരുന്നത്.

“തവക്കൽന” യിലെ ആരോഗ്യ പാസ്പോർട്ട് “അയാട്ട”യുമായി ബന്ധിപ്പിച്ചു, ലക്ഷ്യം വിമാന യാത്ര സുഗമമാക്കൽ