റിയാദ്: സഊദിയിൽ ഇന്ന് പ്രതിദിന കൊവിഡ് കേസുകൾ പുറത്ത് വന്നപ്പോൾ 1,013 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,136 രോഗമുക്തിയും രണ്ട് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 18,804 പേരാണ് രോഗബാധിതരായി രാജ്യത്തെ വിവിധ മേഖലകളിലുള്ളത്.
ഇന്നത്തെ “ആരോഗ്യ” സ്ഥിതിവിവരക്കണക്ക് അനുസരിച്ച്, സഊദി അറേബ്യയിൽ ആദ്യത്തെ കേസ് പ്രത്യക്ഷപ്പെട്ടതുമുതൽ മൊത്തം കേസുകളുടെ ആകെ എണ്ണം 739,344 ആയി. അതേസമയം ആകെ രോഗമുക്തി 711,556 ഉം മരണസംഖ്യ 8,984 ഉം ആണ്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഗുരുതരമായ കേസുകളുടെ എണ്ണം 832 മാത്രമാണ്.
നിലവിൽ, രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.24 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. ശനിയാഴ്ച്ച രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം ഇപ്രകാരമാണ്: റിയാദ് 284, ദമാം 87, ജിദ്ദ 83, ഹുഫൂഫ് 40, മദീന 37, അബഹ 36, ജിസാൻ 34, മക്ക 32, ത്വാഇഫ് 25. ഇതുവരെ 6,01,80,736 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,58,54,169 ആദ്യ ഡോസും 2,40,51,818 രണ്ടാം ഡോസും 1,02,74,749 ബൂസ്റ്റർ ഡോസുമാണ്.





