ബിനാമി ബിസിനസ് കണ്ടെത്താനായി രാജ്യവ്യാപകമായി കർശന പരിശോധന, തെരുവുകളും വാണിജ്യ കേന്ദ്രങ്ങളും വിജനം

0
6386

റിയാദ്: ബിനാമി ബിസിനസുകാർക്ക് പദവി ശരിയാക്കുന്നതിനായി സർക്കാർ അനുവദിച്ചിരുന്ന പൊതുമാപ്പ് അവസാനിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി കർശന പരിശോധന ആരംഭിച്ചു. ഇതിനുള്ള പൊതുമാപ്പ് അവസാനിച്ചു നാല് ദിവസം പിന്നിടുമ്പോൾ നിരവധി നിയമ ലംഘനങ്ങൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കർശന പരിശോധനയെ തുടർന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി കടകൾ അടച്ചുപൂട്ടിയതായി പ്രാദേശിക ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്‌തു. റിയാദ്, ഖസിം, ബൽജുറഷി, മദീന, ജിദ്ദ, ഷറൂറ, അൽ-ഖർജ്, തുറൈഫ്, തബൂക്ക്, തബർജൽ, ഖത്തീഫ്, ഉനൈസ തുടങ്ങിയ നഗരങ്ങളിൽ നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് നിരവധി സ്ഥാപനങ്ങൾ അടച്ചു പൂട്ടി.

നിയമലംഘകരെ പിടികൂടുന്നതിനായി വാണിജ്യ മന്ത്രാലയവും സുരക്ഷാ അധികാരികളും ആരംഭിച്ച സംയുക്ത പരിശോധനയെ തുടർന്ന് തലസ്ഥാനമായ റിയാദിലെ അൽ-സുവൈലിം സ്ട്രീറ്റിലെ കടകൾ കൂട്ടമായി അടച്ചിട്ട വീഡിയോ “അൽ-ഇഖ്ബാരിയ” ചാനൽ പ്രസിദ്ധീകരിച്ചു. ബിനാമി ബിസിനസുകാർക്ക് തിരുത്തൽ കാലയളവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇക്കാലയളവിൽ അപേക്ഷ നൽകിയവർക്ക് അതിന്റെ നടപടികൾ തുടരുന്ന കാലയളവിൽ സ്ഥാപനം നടത്താൻ സാധിക്കും.

ഇത് വരെ ഇത്തരം നടപടികൾ കൈക്കൊള്ളാൻ സാധിക്കാത്തവരുടെ സ്ഥാപനങ്ങൾ പൂർണ്ണമായും ബിനാമി ആക്റ്റ് പ്രകാരം പിടിച്ചെടുക്കും. റെഡിമെയ്ഡ് വസ്ത്രക്കടകൾ, അത്തർ കടകൾ, ബാർബർ ഷോപുകൾ, കാർപന്ററി, കാർ വർക് ഷോപ്പ്, ടെക്സ്റ്റൈൽസ്, ഇലക്ട്രിക്കൽ ടൂൾസ്, ഹാർഡ്‌വെയർ ഷോപ്പുകൾ എന്നിവയാണ് പ്രധാനമായും അടപ്പിച്ചത്. ഇത്തരം സ്ഥാപനങ്ങൾ ബിനാമി പ്രവർത്തനങ്ങൾക്ക് പുറമെ നിയമ നിയമ ലംഘകരുടെയും വ്യാജ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രവുമായും പ്രവർത്തിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ബിനാമി സ്ഥാപനങ്ങൾ അടപ്പിക്കുന്നത് രാജ്യത്തെ സ്വദേശി യുവതീ യുവാക്കൾക്ക് വലിയ നിക്ഷേപ, വാണിജ്യ അവസരങ്ങൾ ഒരുക്കുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. സഊദിയുടെ വിവിധ ഭാഗങ്ങളിൽ ബിനാമികളെ കണ്ടെത്താനുള്ള വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധനകൾ തുടരുകയാണ്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും, പരിശോധന സംഘത്തിൻ്റെ പ്രവർത്തനങ്ങൾ മന്ത്രാലയം പരിശോധിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.

അടച്ച് പൂട്ടിയ സ്ഥാപനങ്ങളുടെ വീഡിയോ