സഊദിയിലെ ഇന്ത്യൻ തടവുകാരുടെ ശിഷ്ടകാല ശിക്ഷ സ്വന്തം നാട്ടിൽ അനുഭവിക്കാം; നടപടി തുടങ്ങി

0
2454

2010 ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ സഊദി സന്ദർശനവേളയിലാണ് കരാറിൽ ഒപ്പ് വെച്ചത്

റിയാദ്: സഊദിയിലെ വിവിധ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ തടവുകാരുടെ ശിഷ്ടകാല ജയിൽശിക്ഷ സ്വന്തം നാട്ടിൽ അനുഭവിച്ചു തീർക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിൽ പന്ത്രണ്ട് വർഷം മുമ്പ് ഒപ്പ് വെച്ച ധാരണ പ്രകാരമുള്ള തടവ് പുള്ളി കൈമാറ്റ ഉടമ്പടിയാണ് ഇപ്പോൾ പ്രാവർത്തികമാക്കുന്നത്. ഇതിനുള്ള നടപടികൾ ഇരു രാജ്യങ്ങളും തമ്മിൽ തുടങ്ങിയതായും സഊദിയിലെ ജയിൽ അധികൃതർ തന്നെ ഇക്കാര്യത്തിൽ നടപടികൾ തുടങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ. ഏറെ താമസിയാതെ ഇതിന്‍റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

മൻമോഹൻ സിംഗ് സഊദി സന്ദർശന വേളയിൽ

2010 ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ സഊദി സന്ദർശനവേളയിലാണ് ഇരുരാജ്യങ്ങളും തടവുപുള്ളികളെ പരസ്പരം കൈമാറുന്ന കരാറിൽ ഒപ്പുവെച്ചത്. കരാർ പ്രകാരം സഊദിയിലെ ജയിലുകളിൽ തടവ് അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്ക് ബാക്കിയുള്ള ശിക്ഷാകാലം ഇന്ത്യയിലെ ജയിലിൽ അനുഭവിച്ചാൽ മതിയാകും. ഇതുമായി ബന്ധപ്പെട്ട് അന്നുതന്നെ നടപടികൾ ആരംഭിച്ചെങ്കിലും വിവിധ കാരണങ്ങളാൽ കരാർ പ്രാബല്യത്തിലാകുന്നത് നീണ്ടുപോവുകയായിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും നടപടികൾ കൈകൊള്ളുകയും കരാർ പ്രാബല്യത്തിൽ വരുത്താനും ജയിൽപുള്ളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി സഊദിയിലെ വിവിധ ജയിൽ മേധാവികൾക്ക് കത്തയച്ചിട്ടുണ്ട്.

മൻമോഹൻ സിംഗ് സഊദി സന്ദർശന വേളയിൽ

സാമ്പത്തിക ഇടപാടോ ക്രിമിനൽ കുറ്റങ്ങളോ അല്ലാത്ത കേസുകളിൽപെട്ട് ജയിലിൽ കഴിയുന്നവർക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുക. ഇത്തരത്തിൽ നാട്ടിലെ ജയിലിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരുടെ കണക്കുകൾ ലഭ്യമാക്കാൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംബസി വൃത്തങ്ങൾ വ്യക്തമാക്കി. പിഴസംഖ്യകൾ അടക്കുകയും തടവുശിക്ഷ മാത്രം അനുഭവിക്കുകയും ചെയ്യുന്നവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാകും. ദീർഘകാല തടവുശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾക്കും ഇത്തരത്തിൽ ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്.

മൻമോഹൻ സിംഗ് സഊദി സന്ദർശന വേളയിൽ

നേരത്തേയും ഇത്തരത്തിൽ കണക്കെടുപ്പുകൾ നടത്തിയെങ്കിലും ഇത് ഏത് രൂപത്തിൽ നടപ്പിൽവരുത്തുമെന്ന കാര്യത്തിൽ വ്യക്തത ഉണ്ടാകാത്തതിനാൽ നടപടികൾ നീണ്ടുപോവുകയായിരുന്നു. ജയിൽ പുള്ളികളിൽനിന്ന് നാട്ടിലെ ജയിലുകളിലേക്ക് പോകാൻ താൽപര്യമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ ജയിൽ അധികൃതർ ആവശ്യപ്പെട്ടതായി സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ പറഞ്ഞു.

മൻമോഹൻ സിംഗ് സഊദി സന്ദർശന വേളയിൽ

അതേസമയം, നാട്ടിലെ ഏത് ജയിലുകളിലേക്കാണ് ഇവരെ മാറ്റുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അവരവരുടെ സംസ്ഥാനങ്ങളിലുള്ള ജയിലുകളിലാണോ അതോ സർക്കാർ നിശ്ചയിക്കുന്ന ജയിലുകളിലാണോ എന്നതിൽ ഇപ്പോഴും തീരുമാനമായിട്ടില്ലെന്നാണ് വിവരം. ഇരുരാജ്യങ്ങളിലെയും തടവുകാർക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കുമെങ്കിലും ഇന്ത്യൻ ജയിലുകളിൽ സഊദി തടവുകാർ ഇല്ലെന്നാണ് പ്രാഥമിക വിവരം.