സഊദിയിലെ പൊതു അഭിരുചി ലംഘനങ്ങളുടെ പട്ടിക വിപുലീകരിച്ചു; ഷോർട്ട്സ് ധരിച്ച് പള്ളികളിലും ഓഫീസുകളിലും കയറിയാൽ പിഴ

0
3681

റിയാദ്: പൊതു അഭിരുചിയുടെ ലംഘനങ്ങളുടെ പട്ടിക വിപുലീകരിച്ചു. പുതിയ ലംഘനം ചേർക്കുന്നതിന് ഏഴാമത്തെയും ഒമ്പതാമത്തെയും ആർട്ടിക്കിളുകളിൽ വ്യക്തമാക്കിയിട്ടുള്ള പൊതു അഭിരുചി നിയന്ത്രണത്തിൽ ഭേദഗതി വരുത്താൻ ആഭ്യന്തര മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.

19 നിയമലംഘനങ്ങൾ ഉൾപ്പെട്ട പട്ടികയിലെ 20-ാമത്തെ നിയമലംഘനമായി പള്ളികളിലും സർക്കാർ ഏജൻസികളിലും വകുപ്പുകളിലും ഷോർട്ട്‌സ് ധരിക്കുന്ന എല്ലാവർക്കും 250-500 റിയാൽ പിഴ ഉൾപ്പെടുത്താൻ പൊതു അഭിരുചി പട്ടിക ഭേദഗതി ചെയ്തു. മസ്ജിദുകൾക്കും സർക്കാർ ഓഫീസുകൾക്കും പുറത്ത് പൊതുസ്ഥലങ്ങളിൽ ഷോർട്‌സ് ധരിക്കുന്നത് പിഴ ലഭിക്കുന്ന നിയമ ലംഘനമല്ല.

പൊതു അഭിരുചിയുടെ ലംഘനങ്ങളുടെ പട്ടികയിൽ 19 ലംഘനങ്ങളായിരുന്നു ഉണ്ടായിരുന്നത്. പുതിയ തീരുമാനത്തോടെ പൊതു അഭിരുചി ലംഘനങ്ങളുടെ പട്ടികയിൽ 20 ലംഘനങ്ങൾ ആയി ഉയരും. പൊതുഅഭിരുചി സംരക്ഷണ നിയമാവലി 2019 നവംബറിലാണ് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് രാജകുമാരന്റെ അംഗീകാരത്തോടെ പ്രാബല്യത്തിൽവന്നത്. നിയമാവലിയിൽ നിർണയിച്ച നിയമ ലംഘനങ്ങൾക്ക് 50 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ലഭിക്കും. ജനവാസ കേന്ദ്രങ്ങളിൽ ഉച്ചത്തിൽ സംഗീതം വെക്കൽ, വളർത്തുമൃഗങ്ങളുടെ മാലിന്യങ്ങൾ നീക്കം ചെയ്യാതിരിക്കൽ, സഭ്യതക്ക് നിരക്കാത്ത വസ്ത്രങ്ങൾ ധരിക്കൽ, അസഭ്യമായ പെരുമാറ്റം എന്നിവയെല്ലാം നിയമാവലി അനുസരിച്ച് പിഴ ലഭിക്കുന്ന നിയമ ലംഘനങ്ങളാണ്.