ഏറനാട് കൃഷി ഗ്രൂപ്പ്‌ സംഘടിപ്പിച്ച സ്നേഹ സംഗമം ശ്രദ്ധേയമായി

ജിദ്ദ: ഏറനാട് കൃഷി ഗ്രൂപ്പ് എന്ന പേരിലുള്ള കുട്ടായ്‌മയിലെ ഏറനാട്ടിലുള്ള  അംഗങ്ങൾ സ്നേഹ സംഗമവും കൃഷി ബോധവത്കരണ ക്‌ളാസും ചാലിയാർ പുഴയുടെ ചാരത്ത് വിശാലമായ കൃഷിയിടത്തിൽ സംഘടിപ്പിച്ചത് അംഗങ്ങൾക്ക് നവ്യാനുഭവമായി. പഴക്കവും തഴക്കവും വന്ന കൃഷിക്കാർ തങ്ങളുടെ കൃഷി അനുഭവങ്ങൾ പരിപാടിയിൽ പങ്ക് വെച്ചത് കൃഷി രംഗത്തേക്ക് കാലെടുത്ത് വെച്ച പുതു തലമുറയിൽ പെട്ടവർക്ക് ആവേശമായി. അതോടപ്പം കൃഷി ചെലവ് കൂടിയതും വളത്തിനും മറ്റും ഇരട്ടിയിലധികം വില കൂടിയതും ചില വളങ്ങൾ കിട്ടാനില്ലാത്തതും കൃഷി രംഗത്ത് എത്രത്തോളം പിടിച്ച് നിൽക്കുവാൻ സാധിക്കുമെന്ന ആശങ്കയും പരിപാടിൽ കൂടിയവർ പങ്ക് വെച്ചു,

2020-ൽ കോവിഡ് സമയത്ത് പ്രവാസികളായ സുൽഫീക്കർ ഒതായി, സുനീർ കെ പി, ഹബീബ് കാഞ്ഞിരാല എന്നിവർ തുടക്കം കുറിച്ച ഏറനാട് കൃഷി ഗ്രൂപ്പിൽ നാട്ടിലുള്ള കൃഷിക്കാരും വിദേശത്ത് ജോലി ചെയ്യുകയും ഒപ്പം നാട്ടിൽ കൃഷി ചെയ്യുകയും കൃഷി തല്പരരുമായ നൂറു കണക്കിന് മെമ്പർമാരാണുള്ളത്. മലപ്പുറം മമ്പാട് പഞ്ചായത്തിലെ പുളിപ്പടം ഒടായിക്കൽ പറങ്ങോടന്റെ കൃഷി സ്ഥലത്ത് സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ ഫിറോസ് പരപ്പൻ കല്ലിടുമ്പ് മുഖ്യ പ്രഭാഷണം നടത്തി, മണ്ണ് സൗരക്ഷണം, പ്രകൃതി സൗരക്ഷണം, ജൈവ രീതിയിൽ കൃഷി ചെയ്യുന്നതിന്റെ പ്രാധ്യാന്യം തുടങ്ങിയ വിഷയങ്ങൾ വിശദമായി അദ്ദേഹം സംസാരിച്ചു. നമ്മൾ കഴിക്കുന്ന ഭക്ഷണം വിഷാംശങ്ങൾ ഒഴിവാക്കി ശുദ്ധമായ രീതിയിൽ കഴിക്കാൻ ശ്രമിക്കണമെന്നും അതിന് സാധ്യമായ അത്ര ജൈവ രീതിയിൽ തന്നെ കൃഷി ചെയ്യാൻ അദ്ദേഹം ഉപദേശിച്ചു.

സാമൂഹിക പ്രവർത്തകൻ എടപ്പറ്റ ഇബ്‌റാഹീം ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസികളാണ് ഇങ്ങിനെ ഒരു കൃഷി ഗ്രൂപ്പ് തുടങ്ങിയത് എന്നത് അവരുടെ കൃഷിയോടുള്ള താല്പര്യം നമുക്ക് മനസിലാക്കാമെന്നും വിദേശത്തുള്ള അവരുടെ ഫണ്ടും ഇവിടെയുള്ളവരുടെ ശേഷിയും ഉപോയോക പെടുത്തി ഇരു കൂട്ടർക്കും ചെറിയ ഒരു വരുമാനമെങ്കിലും ലഭിക്കത്തക്ക വിധത്തിൽ കൃഷി രംഗത്ത് പുതിയ പദ്ധതികൾ കൊണ്ട് വരുവാൻ ബെന്ധപെട്ടവർ രംഗത്ത് വരണമെന്നും ഇബ്‌റാഹീം ഹാജി പറഞ്ഞു.

നൂതന കൃഷി രംഗത്ത് സ്റ്റേറ്റ് അവാർഡ് ലഭിച്ചിട്ടുള്ള ഇല്ലത്ത് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പറങ്ങോടൻ വി കെ സ്വാഗതം പറഞ്ഞു. അബ്ദുൽ ഗഫൂർ മുള്ളാശ്ശേരി, സുനീർ കെ പി, ബാബു രാജ് വി കെ, നാസ്സർ മധുരക്കറിയൻ, സക്കീർ പി. കെ, അബൂബക്കർ മാനു പി.പി, അബ്ദുൽ ലത്തീഫ് കമ്പളത്ത്, ഷാജഹാൻ കമ്പളവൻ, അബൂബക്കർ അരീക്കോട് എന്നിവർ സംസാരിച്ചു.

കൂലി ചെലവ് കൂടുകയും കൃഷിക്ക് വേണ്ട വളത്തിനും മറ്റും വന്ന ചെലവുകൾ ഒട്ടും താങ്ങാൻ പറ്റാത്ത രീതിയിൽ കൂടിയതും വന്യ മൃഗങ്ങളുടെ ശല്യവും ഉത്പന്നങ്ങൾക്ക് വേണ്ടത്ര വില കിട്ടാതിരിക്കലും കർഷകർക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയതായും പുതു തലമുറ കൃഷി രംഗത്തേയ്ക്ക് വരാതായതാതും പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. സർക്കാർ ഇത്തരം പ്രശ്ങ്ങൾക്ക് പരിഹാരം കാണണമെന്നും യോഗത്തിൽ പെങ്കെടുത്തവർ ആഭ്യർത്ഥിച്ചു. സൈജൻ കോളപ്പാട്, അയൂബ്‌ ഖാൻ. കെ തുടങ്ങിയവരും ഓൺലൈനായി സുൽഫീക്കർ ഒതായി, കബീർ ടി. പി അയിന്തൂർ എന്നിവരും സ്‌നേഹ സംഗമത്തിന് നേതൃത്വം നൽകി. മുഹമ്മദ് സ്വലാഹി കാവനൂർ നന്ദി പറഞ്ഞു.