കുവൈത് സിറ്റി: ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്‌ലാമിക ഭരണഘടനാ പ്രസ്ഥാനത്തിന്റെ വനിതാ വിഭാഗം ഇന്ത്യൻ എംബസിക്ക് സമീപം പ്രകടനം നടത്തി. 120 ഓളം പേരാണ് പ്രതിഷേധാവുമായി രംഗത്തെത്തിയത്. അവരിൽ ഭൂരിഭാഗം സ്ത്രീകളുമായിരുന്നു. ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകൾക്കെതിരായ പീഡനത്തെ അപലപിക്കുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്ത പ്രതിഷേധക്കാർ അന്താരാഷ്ട്ര സമൂഹത്തിന്റെ നിശബ്ദതക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തതായി കുവൈത് ടൈംസ് റിപ്പോർട്ട് ചെയ്തു.

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിലെ സ്‌കൂളുകളിലും കോളേജുകളിലും പ്രവേശിക്കുന്നതിൽ നിന്ന് വിദ്യാർഥിനികളെ വിലക്കിയിരുന്നു. ഇന്ത്യയിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്കെതിരെ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കുന്ന പ്ലക്കാർഡുകൾ പ്രതിഷേധക്കാർ ഉയർത്തി. മുസ്‌ലിം സ്ത്രീകൾക്കെതിരായ ഇത്തരം നടപടികൾക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ നിശബ്ദതയെ അപലപിച്ചു. സ്കൂളുകളിൽ മുസ്‌ലിം വിദ്യാർത്ഥികളുടെ ശിരോവസ്ത്രം നീക്കാൻ നിർബന്ധിതമാക്കാനുള്ള നീക്കങ്ങൾ പ്രതിഷേധക്കാർ അപലപിച്ചു.

‘ഇന്ത്യയിൽ മുസ്‌ലിം സ്ത്രീകൾക്കെതിരെ നടക്കുന്നത് വ്യക്തമായ അനീതിയാണ്. തങ്ങളുടെ മതവിശ്വാസം ഉപേക്ഷിക്കാൻ മറ്റൊരാളെ നിർബന്ധിക്കുന്നത് ഒരു വ്യക്തിയുടെ അവകാശമല്ല’ പ്രതിഷേധത്തിൽ പങ്കെടുത്ത ദന ഷറഫ് പറഞ്ഞു. “മതഭീകരവാദം അംഗീകരിക്കാനാവില്ല, മുസ്‌ലിം രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാരെ ഇന്ത്യൻ സർക്കാർ കണക്കിലെടുക്കണം, കാരണം അവർ ഏറ്റവും വലിയ സമൂഹങ്ങളിലൊന്നാണ്, അവരുടെ മതവിശ്വാസങ്ങളിലും ആചാരങ്ങളിലും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്” അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ ആക്ടിവിസ്റ്റ് ഇസ്രാ അൽ മഅത്തൂഖ് പറഞ്ഞു.

“ഞങ്ങളുടെ സന്ദേശം ഇന്ത്യൻ സർക്കാരിനെ അറിയിക്കുകയും അവിടെ മുസ്‌ലിം സ്ത്രീകൾക്ക് സംഭവിക്കുന്ന കാര്യങ്ങളിൽ പ്രതിഷേധിക്കുകയും ചെയ്യുക എന്നതാണ്. ഇന്ത്യയിലെ കുവൈറ്റ് എംബസി ഞങ്ങളുടെ ശബ്ദവും സന്ദേശവും ഇന്ത്യൻ സർക്കാരിനെ അറിയിക്കണം,” അവർ പറഞ്ഞു. മുസ്‌ലിം സ്ത്രീകൾ ഹിജാബ് അഴിച്ചില്ലെങ്കിൽ വിദ്യാഭ്യാസം നേടുന്നത് തടയുന്നത് അംഗീകരിക്കാനാവില്ല.

ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകൾക്കെതിരെ നടക്കുന്ന കാര്യങ്ങളിൽ തന്റെ ശക്തമായ വിയോജിപ്പ് പ്രകടനത്തിൽ പങ്കെടുത്ത മുഹമ്മദ് അൽ-അൻസാരി പ്രകടിപ്പിച്ചു, ഇന്ത്യ-കുവൈത്ത് ബന്ധം ദീർഘകാലം നിലനിൽക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി, പ്രത്യേകിച്ച് വ്യാപാര മേഖലയിൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള മാനുഷിക ബന്ധവും പഴയതാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ ഇന്ത്യൻ സർക്കാരിനോട് ആഹ്വാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
“കുവൈറ്റിൽ, രാജ്യത്ത് താമസിക്കുന്ന ഏറ്റവും വലിയ സമൂഹമായ ഇന്ത്യൻ സമൂഹത്തെ ഞങ്ങൾ ബഹുമാനിക്കുന്നു, ഞങ്ങളുടെ ഇസ്‌ലാമിക ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കാൻ അവരെ നിർബന്ധിക്കുന്നില്ല. അവർക്ക് അവരുടെ ആചാരങ്ങളിൽ വിശ്വസിക്കാനും ആചരിക്കാനും സ്വാതന്ത്ര്യമുണ്ട്, അതിനാൽ മുസ്‌ലിംകളോടും അവരുടെ ആചാരാനുഷ്ഠാനങ്ങളോടും പ്രതികരിക്കാനും ബഹുമാനിക്കാനും ഞങ്ങൾ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നു,” അൻസാരി പറഞ്ഞു.
വീഡിയോ👇




