സഊദിയിലെ പുതിയ അംബാസിഡറെ ഉടൻ പ്രഖ്യാപിക്കും
ജിദ്ദ: സഊദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ് സഈദ് ന്യൂഡൽഹിയിലേക്ക് പോകുന്നു. കേന്ദ്രവിദേശകാര്യ വകുപ്പ് സെക്രട്ടറിയായാണ് പുതിയ സ്ഥാനക്കയറ്റം. മൂന്നു വർഷത്തെ റിയാദിലെ ഔദ്യോഗിക കാലാവധിക്കു ശേഷം ന്യൂഡൽഹിയിലേക്ക് മടങ്ങുന്ന ഔസാഫ് സഈദ് മാർച്ച് ആദ്യം പുതിയ ചുമതലയേൽക്കും. ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച വിജ്ഞാപനമിറങ്ങി. സഊദിയിലെ പുതിയ ഇന്ത്യൻ അംബാസഡറുടെ നിയമനം ഉടനെയുണ്ടാകുമെന്നാണ് കരുതുന്നത്.
കോൺസുലർ, പാസ്‌പോർട്ട്, വിസ, വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ഡെസ്‌കിന്റെ പൂർണചുമതലയായിരിക്കും പുതിയ തട്ടകത്തിൽ ഇദ്ദേഹത്തിന്. ഇന്ത്യൻ നയതന്ത്രരംഗത്തെ പ്രശസ്ത സേവന റെക്കാർഡുമായാണ് ഹൈദരബാദ് സ്വദേശിയായ ഔസാഫ് സഈദ് ദൽഹിയിലേക്കു മടങ്ങുന്നത്. സഊദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, യെമൻ, ഇറാഖ് എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ വിഷയങ്ങളും ഗൾഫ് സഹകരണ കൗൺസിൽ, അറബ് ലീഗ്, മഗ്‌രിബ് യൂണിയൻ എന്നീ സ്ഥാപനങ്ങളിലെ ഇന്ത്യൻ പ്രാതിനിധ്യത്തിന്റെ ഏകോപനച്ചുമതലയും ഔസാഫ് സഈദ് വഹിക്കും.
ഹജ് കോൺസലായി സേവനമനുഷ്ഠിച്ച ഔസാഫ് സഈദ്, 2004 ഓഗസ്റ്റിൽ ജിദ്ദയിൽ ഇന്ത്യൻ കോൺസൽ ജനറലായിരുന്നു. തുടർന്ന് ചിക്കാഗോയിലേക്ക് സ്ഥലം മാറിപ്പോയി. സീഷെൽസ്, യെമൻ എന്നിവിടങ്ങളിലും ഇന്ത്യൻ നയതന്ത്രമേധാവിയായി. മൂന്നു വർഷം മുമ്പാണ് സഊദിയിൽ ഇന്ത്യൻ സ്ഥാനപതിയായത്. പ്രമുഖ ഉർദു കവിയും എഴുത്തുകാരനുമായ ആവാസ് സയ്യിദിന്റെ പുത്രനാണ്. കലാകാരിയും ‘എഗ്ഗ് പെയിന്റിംഗി’ ൽ ഏറെ പ്രശസ്തയുമായ ഫർഹാ സഈദ് ആണ് ഭാര്യ. മൂന്ന് ആൺമക്കൾ.