ദമാം: സ്വർണ്ണക്കടത്ത് കേസിൽ സഊദിയിൽ മലയാളിക്ക് ശിക്ഷ. ബഹറൈനിൽന്നും ദമാമിലെത്തി തിരിച്ചു പോകും വഴി കോസ്‌വേയിൽ വെച്ച് നടക്കുന്ന പരിശോധനയിൽ അനധികൃത സ്വർണ്ണം കണ്ടെത്തിയ കേസിലാണ് മലയാളിക്ക് ശിക്ഷ വിധിച്ചത്. കോസ്‌വേ കസ്റ്റംസ് പരിശോധനയിൽ കാറിൽ നിന്നും ബഹറൈനിലേക്ക് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു കിലോ സ്വർണ്ണമാണ് അധികൃതർ പിടികൂടിയത്. 25 വർഷത്തോളമായി ബഹറൈനിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരുന്നയാളാണ് പ്രതി.
അന്വേഷണത്തിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ചവയാണെന്ന് കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജറാക്കുകയമായിരുന്നു. ചോദ്യം ചെയ്യലിൽ കോടതിയിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ബഹറൈനിൽ നിന്നും ഒരു മലയാളി പറഞ്ഞ് വിട്ടതാണെന്നും സഊദിയിലെ അൽകോബാറിലെത്തിയാൽ ഒരു ബംഗാളി സ്വദേശി സ്വർണ്ണം കൈമാറുമെന്നും അത് ബഹ്റൈനിൽ പറയപ്പെട്ട വ്യക്തിക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നുമെന്നാണ് ഇദ്ദേഹം കോടതിയെ ബോധിപ്പിച്ചത്. മറ്റുകൂടുതൽ വിവരങ്ങൾ ഇവരെക്കുറിച്ചറിയില്ലെന്നും ഇത് ആദ്യമായിട്ടാണന്നും പ്രതി കോടതിൽ മൊഴി നൽകി.
മലയാളിയായ പ്രതിക്ക് രണ്ട് വർഷം ജയിലും കടത്താൻ ശ്രമിച്ച സ്വർണ്ണവും, കാറും കണ്ട് കെട്ടുന്നതിനുമാണ് കോടതി വിധിച്ചത്. ഇതോടൊപ്പം, വാർത്ത പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും തടവ് ശിക്ഷക്ക് ശേഷം നാടു കടത്തുന്നതിനും ദമാം ക്രിമിനൽ കോടതി വിധിച്ചു. എന്നാൽ, അപ്പീൽ നൽകുന്നതിന് മേൽ കോടതിയെ സമീപിക്കുന്നതിന് ഒരു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. ഇപ്പോൾ രണ്ട് മാസത്തിലധികമായി ദമാം സെൻടൽ ജയിലിൽ കഴിയുകയാണ്.