ജസാൻ: പൗരനെ കൊലപ്പെടുത്തിയയാൾക്ക് പ്രതികാരമായി പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ഹുസൈൻ ബിൻ ജാബർ ബിൻ സലീം അൽ മാലിക്കി എന്ന സഊദി പൗരനെ കൊലപ്പെടുത്തിയ ജോർദാനിയൻ പൗരൻ ഹസൻ അബ്ദുൽ അസീസ് ആറ്റിയയെ ആണ് വധശിക്ഷക്ക് വിധേയനാക്കിയത്. മുഖത്ത് അടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തിൽ കുറ്റം ചെയ്തതായി കണ്ടെത്തുകയും പ്രതികാരമായി പ്രതിയെ വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു. എന്നാൽ, മരിച്ചയാളുടെ അനന്തരാവകാശികൾ പ്രായപൂർത്തിയാകുന്നതുവരെ അത് നടപ്പാക്കാൻ വൈകിപ്പിക്കുകയായിരുന്നു. ഇപ്പോൾ അനന്തരാവകാശികൾക്ക് പ്രായപൂർത്തിയാകുകയും അവർ മറ്റു അനന്തരാവകാശികൾക്കൊപ്പം വധശിക്ഷ നടപ്പിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് വിധി നടപ്പാക്കിയത്.
തുടർന്ന് അപീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷാ വിധി അംഗീകരിക്കുകയും വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്തതോടെയാണ് ചൊവ്വാഴ്ച ജിസാനിൽ പ്രതിയെ വധശിക്ഷക്ക് വിധേയനാക്കിയത്.
