ജിദ്ദ: ജിദ്ദ നിലമ്പുർ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച “അകം പുറം” “നമുക്ക് നമ്മെ നിർവചിക്കാം” പ്രധിനിധി സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. നിലമ്പൂർ മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലെയും മുൻസിപ്പാലിറ്റിയിലെയും പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
സമ്മേളനം ജിദ്ദ – മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ ഉദ്ഘാടനം ചെയ്തു. ഒരു നല്ല നേതാവ് എന്ന് പറയുന്നത് നേതൃത്വദർശനം ഉണ്ടായിരിക്കലാണെന്നും പുതു തലമുറ ഈ രംഗത്തേക്ക് കടന്നു വരാനുള്ള പ്രവർത്തനങ്ങൾ ഓരോരുത്തരും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം സെക്രട്ടറി അബൂട്ടി പള്ളത്ത് അധ്യക്ഷത വഹിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. പ്രതികൂല സാഹചര്യത്തിൽ പ്രവാസികൾക്കിടയിലും നാട്ടിലും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ കെഎംസിസിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഒരുമിച്ചുള്ള പ്രവർത്തനമാണ് നമ്മെ മുന്നോട്ടു നയിക്കുന്നതെന്നും, മഹാമാരിയിൽ സഊദി ഭരണാധികാരികൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
എം എസ് എഫ് പ്രധിനിധി അഡ്വ. നജ്മ തബ്ഷിറ ക്ലാസ് എടുത്തു. ഇന്ന് ഇന്ത്യയിൽ ജീവിക്കുന്ന ഓരോരുത്തരും പ്രയാസങ്ങൾ തരണം ചെയ്താണ് കടന്നുപോവുന്നത്. ആശങ്കകൾ അകറ്റാൻ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾക്ക് കഴിയും. മറുനാട്ടിൽ കെഎംസിസി ചെയ്യുന്ന പ്രവർത്തനങ്ങൾ വിലമതിക്കാൻ കഴിയാത്തതാണെന്നും സമകാലിക വിഷയങ്ങളെ കുറിച്ച് ക്ലാസ്സെടുത്ത അഡ്വ.നജ്മ തബ്ഷീറ പറഞ്ഞു.
ചെയർമാൻ പി.സി.എ. റഹ്മാൻ, വെർച്യുലായി മുസ്‌ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് സി.എ.എച്ച്. ഇഖ്ബാൽ, ഗ്ലോബൽ കെഎംസിസി നേതാവ് കെ.ടി. ജുനൈസ്
എന്നിവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി സുബൈർ വട്ടോളി സ്വാഗതവും ട്രഷറർ ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു.