റിയാദ്: സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മദീനയിൽ 21 ടണ്ണിലധികം പഴകിയ ഭക്ഷണം പിടികൂടി. മദീനയിലെ ലൈസൻസില്ലാത്ത കേന്ദ്രത്തിലാണ് 21 ടണ്ണിലധികം കേടായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണം സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) പിടിച്ചെടുത്തത്.
തീരെ ശുചിത്വമില്ലാത്ത അവസ്ഥയിൽ പ്രാണികളുടെയും പൊടിയുടെയും സാന്നിധ്യത്തിലായിരുന്നു ഭക്ഷണങ്ങൾ. എസ്‌എഫ്‌ഡിഎയിൽ നിന്ന് ലൈസൻസ് നേടാതെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ സംഭരിക്കുകയായിരുന്നു ഈ നിയമ ലംഘന കേന്ദ്രമെന്ന് എസ്‌എഫ്‌ഡിഎ വിശദീകരിച്ചു.
എസ്എഫ്ഡിഎയുടെ മേൽനോട്ടത്തിലുള്ള ഒരു കേന്ദ്രങ്ങൾക്കും ലൈസൻസ് ലഭിക്കുന്നതുവരെയും നിബന്ധനകൾ പാലിക്കുന്നത് വരെയും പ്രവർത്തനം ആരംഭിക്കാൻ അവകാശമില്ലാത്തതിനാൽ, ഭക്ഷ്യ നിയമത്തിനും അതിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകൾക്കും അനുസൃതമായി ഈ കേന്ദ്രത്തിനെതിരെ പിഴ ചുമത്തിയതായി അതോറിറ്റി അറിയിച്ചു.
ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഏകീകൃത നമ്പറായ 19999 എന്ന നമ്പറിലോ വിളിച്ചോ തമ്മിനി ആപ്പ് വഴിയോ റിപ്പോർട്ട് ചെയ്യാൻ സഊദി ഡ്രഗ് ആൻഡ് ഫുഡ് അതോറിറ്റി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
