ദുബായ്: ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നത് 4,000-ത്തിലധികം ഇന്ത്യൻ പൗരന്മാരെന്ന് റിപ്പോർട്ട്. യു എ ഇ യിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജയിലുകളിൽ കഴിയുന്നത്. തൊട്ടു പിന്നിലാണ് സഊദി അറേബ്യ. തുടർന്ന് ഖത്തർ, കുവൈത്, ബഹ്‌റൈൻ, ഒമാൻ എന്നിങ്ങനെയാണ് ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ വിചാരണത്തടവുകാർ ഉൾപ്പെടെയുള്ള ഇന്ത്യൻ തടവുകാരുടെ എണ്ണമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ആകെ 4,060 ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നത്.
ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നവരിൽ 41 ശതമാനവും യു എ ഇ ജയിലുകളിലാണ്. 34 ശതമാനത്തോളവും സഊദി അറേബ്യയിലെ ജയിലുകളിലും ആണ്. ലോകത്താകമാനം 8,000 ഇന്ത്യൻ പൗരന്മാർ വിവിധ രാജ്യങ്ങളിലെ ജയിലിൽ കഴിയുന്നുണ്ടെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. യുഎഇ 1,663, സഊദി അറേബ്യ 1363, ഖത്തർ 466, കുവൈറ്റ് 460, ബഹ്‌റൈൻ 63, ഒമാൻ 45 എന്നിങ്ങനെയാണ് ജയിലിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം.
വിദേശ ജയിലുകളിലുള്ളവർ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷ, ക്ഷേമം എന്നിവയ്ക്കാണ് സർക്കാർ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്ന് സഹമന്ത്രി പറഞ്ഞു. വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ ജാഗരൂകരായിരിക്കുകയും തടവിലാക്കപ്പെടുകയോ ജയിലിൽ കഴിയുകയോ ചെയ്യുന്ന ഇന്ത്യൻ പൗരന്മാരുടെ സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. അവർക്ക് സാധ്യമായ എല്ലാ കോൺസുലാർ സഹായങ്ങളും നൽകുന്നതിന് പുറമെ, ആവശ്യമുള്ളിടത്തെല്ലാം നിയമസഹായം നൽകുന്നതിന് ഇന്ത്യൻ മിഷനുകൾ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്‌റൈനിൽ ജയിലുകളിലുള്ളവർക്ക് ഇപ്പോൾ ആധുനികവൽക്കരണ ശ്രമങ്ങളുടെ ഭാഗമായി ബദൽ സംവിധാനം സ്വീകരിക്കാൻ സാധിക്കും. കഴിഞ്ഞ വർഷം ആദ്യമാണ് ബഹ്‌റൈൻ സർക്കാർ ബദൽ ശിക്ഷാ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ എല്ലാ തടവുകാരും ബദൽ ശിക്ഷയ്ക്ക് യോഗ്യരാണ്. എന്നാൽ, ഒന്നര വർഷത്തെ കസ്റ്റഡി ശിക്ഷ അനുഭവിച്ച തടവുകാർക്ക് മാത്രമേ ഇതിന് അർഹതയുള്ളൂ.
പുതിയ സമ്പ്രദായത്തിന് കീഴിൽ, തടവിന് ശിക്ഷിക്കപ്പെട്ട എല്ലാ മുതിർന്നവർക്കും, ഏതെങ്കിലും ശിക്ഷാവിധി ആരംഭിക്കുന്നതിന് മുമ്പുതന്നെ, അവരുടെ കേസുകൾ ബദൽ ശിക്ഷാവിധിയിലൂടെ കൈകാര്യം ചെയ്യാൻ യോഗ്യരാകും.
കമ്മ്യൂണിറ്റി സേവനം, വീട്ടുതടങ്കൽ, നോൺ-കോൺടാക്റ്റ് ഓർഡറുകൾ, ഇലക്ട്രോണിക് ടാഗിംഗ്, പുനരധിവാസ പരിപാടികൾ അല്ലെങ്കിൽ നഷ്ടപരിഹാരം എന്നിവ ഉൾപ്പെടുന്നതാണ് ബദൽ ശിക്ഷ നടപടികൾ. പ്രോസിക്യൂഷന്റെ അപേക്ഷയിലും കുറ്റവാളി പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നില്ലെന്ന് ബോധ്യപ്പെടുകയും ചെയ്താൽ ഇതര ശിക്ഷകൾ കോടതികൾ പരിഗണിക്കും.