സഊദിയിൽ വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം, ഇന്ത്യക്കാരൻ ഉൾപ്പെടെ 12 പേർക്ക് പരിക്ക്

0
4701

റിയാദ്: സഊദി അതിർത്തി പ്രദേശമായ അബഹയിൽ അന്തരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം. സംഭവത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ ഏതാനും പേർക്ക് പരിക്കേറ്റു. ഹൂതികൾ തൊടുത്ത ആയുധ ഡ്രോൺ യെമൻ സർക്കാറിനെ സഹായിക്കുന്ന അറബ് സഖ്യം തടഞ്ഞു നശിപ്പിച്ചിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ വീണാണ് ഏതാനും പേർക്ക് പരിക്കേറ്റത്.

അപകടത്തെത്തുടർന്ന് തൊഴിലാളികളും യാത്രക്കാരും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12 സിവിലിയന്മാർക്ക് പരിക്കേറ്റതായി അറബ് സഖ്യസേന സ്ഥിരീകരിച്ചു. രണ്ടു സഊദി പൗരന്മാര്‍, നാലു ബംഗ്ലാദേശികള്‍, മൂന്നു നേപ്പാളികള്‍, ഒരു ഫിലിപിനോ, ഒരു ശ്രീലങ്കക്കാരന്‍ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. അതേസമയം, സുരക്ഷാ നടപടികൾ സ്വീകരിച്ചതിന് ശേഷം വിമാനത്താവളത്തിൽ നിന്നുള്ള വിമാന ഗതാഗതം സുഗമമായി പുനരാരംഭിച്ചുവെന്നും ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 31 ന് നടന്ന ആക്രമണത്തില്‍ ഡ്രോണ്‍ തകര്‍ത്തതിനെ തുടര്‍ന്ന് എട്ട് സിവിലിയന്മാര്‍ക്ക് പരിക്കേറ്റിരുന്നു.

സിവിലിയൻ വിമാനത്താവളങ്ങളെയും യാത്രക്കാരെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന ഭീഷണിക്ക് മറുപടിയായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അറബ് സഖ്യ സേന അറിയിച്ചു. ഇതിന്റെ ഭാഗമായി അടുത്ത 72 മണിക്കൂറിനുള്ളിൽ സൻആയിലെ ഹൂതികളുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ സാധാരണക്കാരോട് ആവശ്യപ്പെട്ടു.