മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടു, ഒടുവിൽ തർക്കമായി, സെക്യൂരിറ്റിക്കാരനെ കുത്തിപരിക്കേൽപ്പിച്ചു

0
2617

തബൂക്ക്: മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കം കയ്യാങ്കളിയിൽ എത്തുകയും ആക്രമണത്തിൽ കലാശിക്കുകയും ചെയ്തു. തബൂക്ക് മേഖലയിലാണ് മാസ്ക് തർക്കം സെക്യൂരിറ്റിക്കാരനെ കുത്തിപരിക്കേൽപ്പിക്കുന്നതിലേക്ക് എത്തിയത്. മേഖലയിലെ പ്രശസ്തമായ മാളിലാണ് സംഭവം. പ്രവേശന കവാടത്തിൽ മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ ആക്രമണത്തിൽ പലതരം കുത്തുകളാൽ സെക്യൂരിറ്റി ഗാർഡിന് പരിക്കേറ്റതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

മാളിൽ പ്രവേശിക്കുമ്പോൾ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സെക്യൂരിറ്റി ഗാർഡ് ഉപഭോക്താവിനോട് മുന്നറിയിപ്പ് നൽകി. എന്നാൽ, അദ്ദേഹം വിസമ്മതിക്കുകയും അവർ തമ്മിൽ വാക്ക് തർക്കമാകുകയും തർക്കം മൂർച്ഛിക്കുകയും ചെയ്തു. പിന്നീട് അവിടെ നിന്ന് മടങ്ങിയ ഉപഭോക്താവ് മറ്റൊരാളുമായി മടങ്ങിയെത്തുകയും കുത്തുകയുമായിരുന്നു. തോളിലും പുറകിലുമായി രണ്ട് തവണയാണ് സെക്യൂരിറ്റിക്കാരനെ കുത്തിയത്.

കുത്തേറ്റ ഗാർഡിനെ നിസ്സാര പരിക്കുകളേറ്റ മറ്റ് രണ്ട് ഗാർഡുകൾക്കൊപ്പം ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റു സെക്യൂരിറ്റി ഗാർഡുകൾ ഇടപെട്ടാണ് വഴക്ക് അവസാനിപ്പിച്ചത്. സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.