സഊദി നിരത്തുകളിൽ കെ.എല്‍. രജിസ്‌ട്രേഷന്‍ ഥാര്‍

0
11773

സഊദിയിൽ എത്തുന്ന ഇന്ത്യൻ രജിസ്ട്രേഷനുള്ള ആദ്യ വാഹനം

റിയാദ്: മലയാളികൾക്ക് അഭിമാനമായി സഊദി നിരത്തിൽ കേരള രജിസ്ട്രേഷൻ വാഹനമെത്തി. 50 രാജ്യങ്ങളിൽ ചുറ്റാനിറങ്ങിയ മലയാളി യുവാക്കളാണ് കെ എൽ രജിസ്ട്രേഷൻ വാഹനവുമായി സഊദി മണ്ണിലെത്തിയത്. റോഡുമാർഗം 11 മാസംകൊണ്ട് 50 രാജ്യങ്ങളിലൂടെ നടത്തുന്ന യാത്രയുടെ ഭാഗമായാണ് സഊദി സന്ദർശനം. മഹീന്ദ്ര ഥാറിലാണ് യുവാക്കൾ യാത്ര ചെയ്യുന്നത്. യാത്രയുടെ പുതിയ ലോകം താണ്ടി മൂവാറ്റുപുഴ പുതുപ്പാടി പറക്കാകുടി വീട്ടിൽ മുഹമ്മദ് ഹാഫിസും (19) കോതമംഗലം മുളവൂർ കൊട്ടാക്കുടി വീട്ടിൽ ഹിജാസ് ഇക്ബാലുമാണ് (22) സഊദിയിലെത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങൾ താണ്ടിയ യാത്രക്കൊടുവിൽ റിയാദിൽ എത്തിയ ഇവർക്ക് കെ.എം.സി.സി മുവാറ്റുപുഴ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.

കേരളത്തിൽനിന്ന് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയെന്ന ലക്ഷ്യവുമായാണ് ഇരുവരും യാത്രയുടെ ഭാഗമായി സഊദിയിലെത്തിയത്. ഇതിനുമുൻപ് കേരളത്തിൽനിന്ന് കശ്മീരിലേക്കും മുഹമ്മദ് ഹാഫിസ് ഇതേ വാഹനത്തിൽ യാത്ര ചെയ്തിരുന്നു. ഇലക്ട്രോണിക്സ് ഡിപ്ലോമ പൂർത്തിയാക്കിയ ഹാഫിസും ഡിഗ്രി പൂർത്തിയാക്കിയ ഹിജാസും ചേർന്ന് പ്ലാസ്റ്റിക് ഫാക്ടറിയും അനുബന്ധ കടയും നടത്തുകയാണ്. അതിനിടയിലാണ് വേറിട്ട സഞ്ചാരത്തിലൂടെ ലോകരാജ്യങ്ങൾ ചുറ്റാൻ ആഗ്രഹമായത്.

https://malayalampress.com/wp-content/uploads/2022/02/VID-20220208-WA0125.mp4

ഡീൻ കുര്യാക്കോസ് എം.പി. ഫ്ലാഗ്ഓഫ് ചെയ്ത വാഹനം കഴിഞ്ഞ മാസം 26 – നാണ് കൊച്ചിയിൽ നിന്ന് യു.എ.ഇ.യിലേക്കയച്ചത്. ഇവിടെ നിന്നാണ് സഊദിയിലെത്തിയത്. ഡിസംബർ ഏഴുമുതൽ യു.എ.ഇ.യിലെ റോഡുകളിലൂടെ കേരള രജിസ്ട്രേഷനുള്ള വാഹനം (കെ.എൽ.17 ഡബ്ള്യു 2866) ഓടിതുടങ്ങിയത് കണ്ടുനിന്ന മലയാളികൾക്ക് പുതുമ തോന്നിച്ചിരുന്നു. യുഇയിൽ നിന്നും ഒമാനിലേക്ക് യാത്ര ചെയ്യാൻ പദ്ധതി ഇട്ടിരുന്നെങ്കിലും വലതുവശ ഡ്രൈവ് നിബന്ധന പോലുള്ള ട്രാഫിക് നിയമങ്ങൾ തടസ്സമായി. ഒമാനിലേക്ക് പ്രവേശിക്കാനുള്ള രണ്ടു ശ്രമങ്ങളും പരാജയപ്പെട്ട ഹാഫിസും ഹിജാസും അടുത്ത ലക്ഷ്യമായ സഊദിയിലേക്ക് തിരിക്കുകയായിരുന്നു. സഊദി അറേബ്യയിൽ എത്തുന്ന ആദ്യ കേരള രജിസ്ട്രേഷൻ വാഹനം എന്ന ബഹുമതി ഇതോടെ ഇവർക്ക് സ്വന്തമായി. സഊദിയിലേക്ക് പ്രവേശിക്കാനും വലതുവശ ഡ്രൈവ് നിബന്ധന വിലങ്ങു തടിയായെങ്കിലും രണ്ടാം ശ്രമത്തിൽ ഇവർ ലക്ഷ്യത്തിൽ എത്തുകയായിരുന്നു.

ഇരുവരും യു എ ഇ യിൽ എത്തിയപ്പോൾ

യുഎഇ യാത്രയിൽ യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ ചിത്രവും വാഹനത്തിൽ പതിപ്പിച്ചിരുന്നു. കൊവിഡ് ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് അതത് രാജ്യങ്ങളുടെ നിയമങ്ങൾ പാലിച്ചുകൊണ്ട് യാത്ര പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഇരുവരും പറഞ്ഞു.

സഊദിയിൽ നിന്ന് കുവൈത്ത്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ ഇവർ ചുറ്റി സഞ്ചരിക്കും. പിന്നീട് ജോർദാൻ, ഇസ്രാഈൽ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ വഴി ആഫ്രിക്കൻ ഭാഗത്തേക്ക്‌ പോകും. ഈജിപ്ത്, സുഡാൻ, എത്യോപ്യ, സൊമാലിയ, കെനിയ, മൊറാക്കോ തുടങ്ങിയ രാജ്യങ്ങളിലും യാത്ര ചെയ്യാനാണ് പദ്ധതി. ആദ്യം യെമെനിൽ പോകാൻ പദ്ധതിയിട്ടെങ്കിലും പ്രത്യേക സാഹചര്യത്തിൽ ആ രാജ്യം സന്ദർശിക്കാനിടയില്ല.

ഹാഫിസിന്റെയും ഹിജാസിന്റെയും പിതാക്കന്മാർ ഷാർജയിൽ വർഷങ്ങളോളം ട്രക്ക് ഡ്രൈവർമാരായിരുന്നു. 10 വർഷം മുമ്പ് അവർ പ്രവാസം മതിയാക്കി തിരിച്ചുപോയി. അതാണ് യാത്ര തുടങ്ങാൻ ഇരുവരും യു.എ.ഇ തന്നെ തിരഞ്ഞെടുത്തത്. നാട്ടിൽ ഡ്രൈവിങ് ലൈസൻസ് നേടിയയുടൻ ബാങ്കിൽനിന്ന് വായ്പയെടുത്ത് വാഹനം വാങ്ങുകയായിരുന്നു. ഹാഫിസിന്റെ ഉടമസ്ഥതയിലാണ് വാഹനം. അങ്ങിനെയാണ് ഈ ചരിത്ര യാത്ര ആരംഭിച്ചത്.

വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇

Gulf News Updates Whatsup