കാർ എഞ്ചിനിൽ സുഖവസിച്ച എലി ഉടമക്ക് നൽകിയത് എട്ടിന്റെ പണി, സഊദി പൗരന്റെ വീഡിയോ വൈറൽ

0
5129

റിയാദ്: നിർത്തിയിട്ട കാറിൽ കയറിക്കൂടിയ എലി ഒപ്പിച്ചത് എട്ടിന്റെ പണി. സഊദി പൗരൻ തനിക്ക് പറ്റിയ ഈ ദുരവസ്ഥ വീഡിയോ ഷൂട്ട് ചെയ്തു പുറത്തു വിട്ടതോടെ വൈറൽ ആകുകയും ചെയ്തു. റിയാദിലാണ് നിർത്തിയിട്ട കാറിന്റെ എഞ്ചിനിൽ കയറിക്കൂടിയ എലി എട്ടിന്റെ പണി ഒപ്പിച്ചത്. രണ്ട് മാസമായി ഓടിച്ചിട്ടില്ലാത്ത കാർ എഞ്ചിന്റെ മറവിൽ എലി സുഖമായി ജീവിക്കുകയായിരുന്നു.

രണ്ട് മാസത്തിന് ശേഷം കാർ സ്റ്റാർട്ട് ചെയ്യാൻ നോക്കുമ്പോഴാണ് പ്രശ്നം മനസിലായത്. ബാറ്ററി ചാർജ് എത്താതായതോടെ നടത്തിയ പരിശോധനയിൽ കേബിളുകൾ മുഴുവൻ എലി കരണ്ട് തിന്നത് ശ്രദ്ധയിൽ പെട്ടു. ഇവിടെ സുഖവാസത്തിൽ കഴിഞ്ഞ എലി കാറിന്റെ ഇലക്ട്രിക് കേബിളുകൾ മുഴുവൻ കരണ്ട് തിന്നു കഴിഞ്ഞിരുന്നു.

ഒടുവിൽ എലിയെ ഓടിക്കാൻ പൂച്ചയെ ഇറക്കി നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. എലിയെ പിടികൂടാൻ കഴിഞ്ഞില്ല. ഇലക്ട്രിക് കേബിളുകൾ എലി കരണ്ട് മുറിച്ചതിന്റെയും പൂച്ചയെ വിടുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ പൗരനായ അഹമ്മദ് അൽ-ഷെഹ്‌രി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു.

വീഡിയോയിൽ, കാറിന്റെ കേടുപാടുകളുടെ വ്യാപ്തി മനസിലാക്കാൻ സാധിക്കും. പ്രധാന കേബിൾ അടക്കം നിരവധി കേബിളുകൾ എലി കരണ്ട് തിന്നതോടെ ഇത് വാഹനത്തിന്റെ തകർച്ചയിലേക്ക് നയിച്ചു. വാഹനം ദിവസങ്ങളോളം നിർത്തിയിടുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന എട്ടിന്റെ പണികളിൽ ഒന്നാണ് ഇപ്പോൾ ഇദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്.