റിയാദ്: സഊദിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കഴിഞ്ഞു. രാജ്യത്ത് ഇതുവരെ 7,02,624 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇവരില്‍ 6,57,995 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതുകൂടാതെ 35,679 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്ത് 8,950 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
സഊദിയില്‍ മൂന്ന് തവണയാണ് കൊവിഡിന്റെ അതിവ്യാപനം ഉണ്ടായത്. മൂന്നാം വ്യാപനത്തില്‍ ഇക്കഴിഞ്ഞ ജനുവരി 18-ന് 5,928 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇത് വരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസ്. ഇതിന് തൊട്ട് താഴെയായി ഒന്നാം വ്യാപന ഘട്ടത്തില്‍ 2020 ജൂണ്‍ 16-ന് 4,919 പേര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.
2021 ജൂണിലെ രണ്ടാം വ്യാപനം അത്ര തീവ്രമല്ലാതിരുന്നതിനാല്‍ 1500-ന് മുകളില്‍ വരെ മാത്രമേ പ്രതിദിന കേസുകള്‍ ഉയര്‍ന്നിരുന്നുള്ളൂ. വെള്ളിയാഴ്ച 3,555 പുതിയ കേസുകളും, 4,023 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. നിലിവില്‍ കൊവിഡ് വ്യാപനം കുറഞ്ഞുവരുന്നതായി ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
