24 തവണ സഊദി വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കപ്പെട്ട പ്രവാസി ഒടുവിൽ നാടണഞ്ഞു, 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ

0
4941

ദമാം: 24 തവണ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കപ്പെട്ട പ്രവാസി ഒടുവിൽ പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാടണഞ്ഞു. തമിഴ്നാട് മാർത്താണ്ഡം സ്വദേശി ജോൺ (36) ആണ് മലയാളി സാമൂഹിക പ്രവർത്തകരുടെ കഠിന പ്രയത്നത്തിനൊടുവിൽ നാട്ടിലേക്ക് പോയത്. നാട്ടിലേക്ക് പോകാനായി ഒരുങ്ങി വിമാനത്താവളത്തിൽ എത്തുമ്പോൾ വിവിധ പ്രശ്നങ്ങളെ തുടർന്ന് തിരിച്ചയക്കപ്പെടുകയായിരുന്നു. ഒടുവിൽ പ്രതിസന്ധികളെല്ലാം ഒഴിവായ ജോൺ നാട്ടിലേക്ക് കഴിഞ്ഞ ദിവസമാണ് പറന്നത്.

എക്സിറ്റ് വിസയുമായി വിമാനത്താവളത്തിൽ ചെല്ലുമ്പോൾ അവിടുത്തെ രേഖകളിൽ ഇങ്ങനെ ഒരാളെ കണ്ടെത്താൻ കഴിയാതെ തിരിച്ചയക്കപ്പെടുകയാണ് ചെയ്തിരുന്നത്. സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ വിവിധയിടങ്ങൾ കയറിയിറങ്ങി രേഖകൾ പൂർത്തിയാക്കി യാത്രക്കായി തയാറാകുമെങ്കിലും സഊദി കടക്കാൻ സാധിക്കാതെ തിരിച്ചയക്കപ്പെട്ടു. 24 തവണയാണ് ഇത്തരത്തിൽ തിരിച്ചയക്കപ്പെട്ടത്. ഒടുവിൽ നവയുഗം സംസ്കാരിക വേദിയുടെ ജീവികാരുണ്യ പ്രവർത്തകൻ മണിക്കുട്ടന്‍റെ ഇടപെലാണ് അതി വിചിത്രമായ കേസിൽ ജോണിന് സഹായകമായത്.

ഗവർണറെറ്റിനെ സമീപിച്ചു സഹായം ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ഫയൽ അയച്ച് പരിഹാരം നിർദേശിക്കുകയായിരുന്നു. എന്നിട്ടും ഫലമുണ്ടയില്ലെന്നും തന്നെ എങ്ങനെയും നാട്ടിലെത്താൻ സഹായിക്കണമെന്നുമുള്ള ജോണിന്‍റെ മുന്നാമത്തെ അപേക്ഷ ഏറെ ഗൗരവത്തോടെ പരിഗണിച്ച ഗവർണറുടെ കാര്യാലയം, അടിയന്തിരമായി നാടുകടത്തൽ കേന്ദ്രത്തിൽ ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കി നാട്ടിലയച്ചതിന് ശേഷം റിപ്പോർട്ട് നൽകാൻ നിർദേശിക്കുകയായിരുന്നു. ഒടുവിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച രാവിലെ ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന വിമാനത്തിൽ ജോൺ കയറിപ്പറ്റിയതോടെയാണ് ഇതിന്‍റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ശ്വാസം നേരെ വീണത്.

14 വർഷം മുമ്പ് സഊദിയിലെത്തിയ ജോൺ മൂന്നാം ദിവസം താമസസ്ഥലത്ത് കടന്നുകയറിയ കവർച്ചക്കാരുമായി ഉണ്ടായ അടിപിടി കേസിൽ പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പുറത്തുപോയി തിരിച്ചെത്തിയപ്പോൾ താമസസ്ഥലത്തിനടുത്ത് ഒരു സ്വദേശി യുവാവ് കാലുമുറിഞ്ഞ് ചോരവാർന്ന് നിൽക്കുന്നത് ശ്രദ്ധയിൽ പെട്ട ജോൺ അയാളുടെ അടുത്തെത്തി ചോര കഴുകിക്കളഞ്ഞ് കുടിക്കാൻ വെള്ളവും നൽകി.

ഇതിനിടെ കവർച്ച ലക്ഷ്യമാക്കി മറ്റ് ചിലരും മുറിയിലേക്ക് ഇരച്ചുകയറിയതോടെ മുറയിലുണ്ടായിരുന്നവർ ഇതിനെ ചെറുക്കുകയും വലിയ സംഘട്ടനം ഉണ്ടാവുകയും ചെയ്തു. ഒടുവിൽ സ്ഥലത്തെത്തിയ ഇവരെ അറസ്റ്റ് ചെയ്യുകയും കൂടെയുള്ള ഇഖാമയില്ലാതിരുന്ന മൂന്നു പേർ ആറുമാസ തടവിന് ശേഷം നാടുകടത്തപ്പെടുകയും ചെയ്തു. പല ജോലികൾ ചെയ്ത് ഏഴുവർഷം കഴിഞ്ഞപ്പോൾ ആദ്യമായി നാട്ടിൽ പോകാൻ ശ്രമിച്ചപ്പോഴാണ് പഴയ വാറണ്ട് ഇപ്പോഴും നിലനിൽക്കുന്നുവെന്ന് ജോൺ അറിയുന്നത്. ഇതാണ് പിന്നീട് വൻ കുരുക്കായി മാറിയത്.