സഊദിയിൽ നിന്ന് പ്രവാസികൾ പണമയച്ചത് ആറ് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിൽ

0
1657

കൊവിഡിനിടയിലും പണമയക്കൽ വളർച്ച ശക്തം

റിയാദ്: സഊദിയിൽ നിന്ന് പ്രവാസികൾ സ്വന്തം രാജ്യങ്ങളിലേകയാക്കുന്ന പണത്തിൽ റെക്കോർഡ് വർധനവ്. സമീപ കാലത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആറ് വർഷത്തിനിടെ 2.79 ശതമാനമായാണ് ഇത്തവണ വർധനവ് ഉണ്ടായിരിക്കുന്നത്. ഈ വർഷം 153.87 ബില്യണ്‍ റിയാലിലാണ് പ്രവാസികൾ നാട്ടിലേക്കയച്ച തുക. 2020 ല്‍ ഇത്‌ 149.69 ബില്യണ്‍ റിയാലായിരുന്നു. 2015 (56.86 ബില്യണ്‍ റിയാല്‍) ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്.

എങ്കിലും 2020ലെ നാലാം പാദത്തിലെ 39.45 ബില്യണ്‍ റിയാലുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ലെ നാലാം പാദത്തില്‍ 4.82 ശതമാനത്തിന്റ(37.5 ബില്യണ്‍ റിയാല്‍) ഇടിവാണ് പണമയക്കലിന്റെ മൂല്യത്തില്‍ ഉണ്ടായിട്ടുള്ളത്. അതുപോലെ, 2020 ഡിസംബറിലെ 13.4 ബില്യണുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ഡിസംബറില്‍ 11.1 ബില്യണ്‍ റിയാലായും കുറഞ്ഞിട്ടുണ്ട്. നാലു വർഷത്തിനിടെ റെമിറ്റൻസിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് 2019 ലായിരുന്നു. 2018 ൽ 3.7 ശതമാനവും 2017 ൽ 6.7 ശതമാനവും 2016 ൽ 3.16 ശതമാനവും തോതിൽ റെമിറ്റൻസ് കുറഞ്ഞിരുന്നു.

അതേസമയം, വ്യക്തിപരമായ ആവശ്യങ്ങൾക്ക് സ്വദേശികൾ കഴിഞ്ഞ വർഷം വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 34.5 ശതമാനം വളർച്ച രേഖപ്പെടുത്തി. തുടർച്ചയായി മൂന്നു വർഷം പിന്നോട്ടടിച്ച ശേഷമാണ് കഴിഞ്ഞ വർഷം സഊദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ വളർച്ച രേഖപ്പെടുത്തിയത്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് സ്വദേശികൾ കഴിഞ്ഞ വർഷം 6547 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2020 ൽ ഇത് 4857 കോടി റിയാലായിരുന്നു. 2020 ൽ സ്വദേശികൾ വിദേശങ്ങളിലേക്ക് അയച്ചത് പതിനാറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പണമായിരുന്നു.

താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്കുള്ള പണമയയ്ക്കല്‍ 2021ല്‍ 7.3 ശതമാനം വര്‍ധിച്ച് 589 ബില്യണ്‍ ഡോളറിലെത്തുമെന്ന് ലോക ബാങ്ക് പുറത്തിറക്കിയ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ബ്രീഫ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം വളര്‍ച്ചയിലുള്ള ഈ തിരിച്ചുവരവ് മുമ്പത്തെ കണക്കുകളേക്കാള്‍ കൂടുതല്‍ ശക്തമാണ്.

കൊവിഡ് മഹാമാരിക്കാലത്തും തങ്ങളുടെ നാട്ടിലെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുള്ള പ്രവാസികളുടെ ദൃഢനിശ്ചയമാണ് പണമയക്കലിന്റെ തോത് വര്‍ധിക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് ലോകബാങ്ക് പറയുന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ രാജ്യങ്ങളിലും റഷ്യയിലും എണ്ണവില ഉയര്‍ന്നതും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ പുരോഗതിയും പ്രവാസികള്‍ അവരുടെ രാജ്യങ്ങളിലേക്ക് പണമയക്കുന്നതിലും സഊദികള്‍ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിലും വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.