ദമാം: കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി ഇന്ത്യക്കാരെ പൂർണ്ണമായും അവഗണിച്ചതിൽ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
എൽ ഐ സി അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാനും, കുത്തക കമ്പനികൾക്കും, മുതലാളിമാർക്കും, ധനികർക്കും നികുതി ഇളവ് അടക്കമുള്ള ആനുകൂല്യങ്ങൾ വാരിക്കൊടുക്കാൻ ഒരു മടിയും കാണിയ്ക്കാത്ത കേന്ദ്ര ധനമന്ത്രി, പ്രവാസികളായ കോടിക്കണക്കിന് ഇന്ത്യക്കാർ ജീവിച്ചിരിപ്പുണ്ട് എന്ന കാര്യം തന്നെ മറന്ന പോലെയാണ് ബജറ്റ് അവതരിപ്പിച്ചത്. പേരിനു പോലും ഒരു പദ്ധതിയോ അനുകൂല്യമോ പ്രവാസികൾക്ക് വേണ്ടി പ്രഖ്യാപിയ്ക്കാൻ തയ്യാറായില്ല എന്നത് ഞെട്ടിയ്ക്കുന്നതാണ്.
ലോകമെങ്ങും പ്രവാസി ഇന്ത്യക്കാർ ഒട്ടേറെ വെല്ലുവിളികൾ നേരിട്ട കാലഘട്ടമാണ് കടന്നു പോയത്. കൊറോണയും, സ്വദേശിവൽക്കരണ നടപടികളും മൂലമുണ്ടായ ജോലി നഷ്ടവും, സാമ്പത്തിക പ്രയാസങ്ങളും ഒരുപാട് അനുഭവിച്ചവരാണ് പ്രവാസികൾ. അവർക്ക് ആശ്വാസം പകരുന്ന ഒന്നും കേന്ദ്രബജറ്റിൽ ഇല്ല. പ്രവാസി പുനരധിവാസ പദ്ധതികളെക്കുറിച്ചു ഓർക്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല എന്നത് വളരെ വേദനാജനകമാണ്. നിരന്തരം വർദ്ധിയ്ക്കുന്ന ഇന്ധന വിലവർദ്ധനവ് കുറയ്ക്കാനോ, വിമാനയാത്ര നിരക്കുകളിൽ ഇളവ് വരുത്താനോ ഉള്ള ഒരു നടപടികളും ഉണ്ടായിട്ടില്ല.
ഡിജിറ്റൽ കറൻസിയെപ്പറ്റിയും, ഫൈവ് ജി യെപ്പറ്റിയും ഉള്ള പൊങ്ങച്ചങ്ങളല്ലാതെ സാധാരണ ഇന്ത്യക്കാരന് ഗുണകരമായ ഒന്നും ഇല്ലാത്ത, സമ്പന്നർക്ക് വേണ്ടി മാത്രമുള്ള ചിന്തകൾ നിറഞ്ഞ, ഒരു വരണ്ട കേന്ദ്രബജറ്റ് അവതരിപ്പിച്ചതിൽ നവയുഗം കേന്ദ്രകമ്മിറ്റി കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി.
