ശീതക്കാറ്റ് ഈ ശൈത്യകാലത്തെ നാലാമത്തെതും ശക്തവുമാണെന്നും മുന്നറിയിപ്പ്
റിയാദ്: ബുധനാഴ്ച മുതൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും മഞ്ഞുവീഴ്ചയുടെ അകമ്പടിയോടെയുള്ള തണുത്ത കാറ്റും ബാധിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) മുന്നറിയിപ്പ് നൽകി. ഈ കാലാവസ്ഥയ്‌ക്കൊപ്പം ശക്തമായ മണൽക്കാറ്റും ഉയർന്ന തിരമാലകൾ, മഴ, മഞ്ഞുവീഴ്ച എന്നിവയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രം കൂട്ടിച്ചേർത്തു.
അൽഖസിം യൂണിവേഴ്‌സിറ്റിയിലെ മുൻ കാലാവസ്ഥാ പ്രൊഫസർ അബ്ദുല്ല അൽ-മിസ്‌നിദ് പറയുന്നതനുസരിച്ച്, ശീതക്കാറ്റ് വടക്കൻ പ്രദേശങ്ങളിൽ നിന്ന് വടക്കൻ മധ്യ പ്രദേശങ്ങളിലേക്കും വെള്ളിയാഴ്ച കിഴക്കൻ പ്രദേശങ്ങളിലേക്കും നീങ്ങും.
തബൂക്ക്, വടക്കൻ അതിർത്തി, അൽ-ജൗഫ്, ഹായിൽ, മദീന മേഖലയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് മുതൽ താപനില കുറയും. ഏറ്റവും കുറഞ്ഞ താപനില പൂജ്യത്തിനും മൈനസിനും ഇടയിലായിരിക്കും. നാളെ (വ്യാഴം) മുതൽ ശനിയാഴ്ച വരെ തണുപ്പ് വർധിക്കുമെന്നാണ് സൂചന. ഇതിൽ ഖാസിം മേഖലയും റിയാദ്, കിഴക്കൻ മേഖലകളുടെ വടക്കൻ ഭാഗങ്ങളും ഉൾപ്പെടുന്നു. ഇവിടങ്ങളിൽ താപനില 2 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.
തബൂക്ക്, വടക്കൻ അതിർത്തി, അൽ-ജൗഫ്, ഹായിൽ മേഖലകളിൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത ഇന്ന് മുതൽ തുടരുമെന്നും അതിന്റെ ആഘാതം വെള്ളി, ശനി ദിവസങ്ങളിൽ അൽ-ഖസിമിലും റിയാദിന്റെ വടക്കൻ ഭാഗങ്ങളിലും കിഴക്കൻ പ്രവിശ്യയിലും വ്യാപിക്കുമെന്നും ചൂണ്ടിക്കാട്ടി.
ബുധൻ, വ്യാഴം ദിവസങ്ങളിൽ അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, തബൂക്ക്, ഹായിൽ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് സജീവമാകുമെന്നും കിഴക്കൻ പ്രവിശ്യ, റിയാദ്, ഖസിം, നജ്‌റാൻ, മക്ക, മദീന മേഖലകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം വെള്ളി, ശനി ദിവസങ്ങളിൽ റിയാദ്, കിഴക്കൻ മേഖലകളുടെ തെക്ക് ഭാഗങ്ങൾ, നജ്റാൻ, മക്ക, മദീന മേഖലകളുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ അതിശക്തമായ കാറ്റിന്റെ ആഘാതം ഉണ്ടാകും.
തബൂക്ക്, അൽ-ജൗഫിന്റെയും വടക്കൻ അതിർത്തികളുടെയും, പ്രത്യേകിച്ച് താരിഖ്, അൽ-ഖുറയ്യത്ത്, തബർജാൽ. എന്നിവിടങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇടത്തരം മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്. നിലവിലെ ശൈത്യകാലത്ത് ഈ ശീതക്കാറ്റ് നാലാമത്തെതും ശക്തവുമാണെന്ന് അൽ-ഇഖ്ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ-ഖഹ്താനി പറഞ്ഞു. നജ്‌റാനും ചുറ്റുമുള്ള ഭാഗങ്ങളും ഒഴികെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളെയും തണുത്ത വായു പിണ്ഡം ബാധിക്കുമെന്ന് അൽ-ഖഹ്താനി കൂട്ടിച്ചേർത്തു.
വാർത്തകൾക്കായി ഗ്രൂപ്പിൽ അംഗമാകാം 👇