പ്ലീസ് ഇന്ത്യയുടെ ഇടപെടലിൽ ഫൈൻ ഒഴിവാക്കിയാണ് ഇവർക്ക് നാടണയാൻ കഴിഞ്ഞത്
റിയാദ്: സന്ദർശക വിസയിലെത്തിയ മകളുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മുപ്പതിനായിരം റിയാൽ പിഴ ലഭിച്ച കുടുംബം ഒടുവിൽ പിഴയിൽ നിന്ന് രക്ഷപെട്ടു നാട്ടിലേക്ക് തിരിച്ചു. ഹൈദരാബാദുകാരിയായ രമ്യകൃഷ്ണയും കുടുംബവുമാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പണം അടക്കാതെ നാട്ടിലേക്ക് മടങ്ങിയത്. പ്ലീസ് ഇന്ത്യയുടെയും ചെയർമാൻ ലത്തീഫ് തെച്ചിയുടെയും ഇടപെടലാണ് ഇവർക്ക് തുണയായത്. 2016 ഓഗസ്റ്റ് 18 ന് സഊദിയിൽ എത്തിയ ഡോ: രമ്യ അൽ ഹസയിലും ബുറൈദയിലുമായി ഭർത്താവ് കൃഷണറാവുവിനോടും മക്കളായ സാക്ഷി, സമന്ത എന്നിവരോടും ഒപ്പം കുടുംബസമേതമാണ് 5 വർഷത്തോളം പ്രവാസ ജീവിതം നയിച്ചത്. ഇളയ കുട്ടിയായ സമന്തയെ വിസിറ്റിംഗ് വിസയിൽ സഊദിയിൽ കൊണ്ട് വന്ന് 3 മാസത്തിനു ശേഷം രമ്യ അബ്ഷിർ വഴി കുട്ടിയുടെ വിസ പുതുക്കുകയും സക്സസ്ഫുൾ എന്ന മെസേജ് ലഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് അബ്ഷിർ പരിശോധിച്ചപ്പോൾ കുട്ടിയുടെ വിസ പുതുക്കാത്ത നിലയിലാണ് കണ്ടത്. വിസ പുതുക്കുന്നതിനായി രമ്യ അൽ ഹസയിലെ പാസ്പോർട്ട് ഓഫീസിനെ സമീപിച്ചെങ്കിലും കൊറോണ പ്രതിസന്ധി വിലങ്ങു തടിയായി. കുട്ടിയുടെ വിസ 2021 മാർച്ച് 25 ന് കാലവധി കഴിഞ്ഞു. തുടർന്ന് ദമാമിലെ ജവാസാത്തിനെ സമീപിച്ചുവെങ്കിലും ഡീ പോർട്ടേഷൻ സെന്റർ വഴി രമ്യയ്ക്ക് 15,000 റിയാലും മകൾക്ക് 15,000 റിയാലും എന്ന തോതിൽ ആകെ 30,000 റിയാൽ ഫൈൻ ഒടുക്കിയ ശേഷം എക്സിറ്റ് അടിച്ച് നാട്ടിലേക്ക് പോകാനായിരുന്നു അവിടെ നിന്ന് കിട്ടിയ മറുപടി.
ഒന്നര വർഷത്തോളം പ്രശ്ന പരിഹാരത്തിനായി തെലങ്കാന മുഖ്യമന്ത്രി, ഡൽഹി വിദേശ കാര്യ മന്ത്രാലയം, എം പി മാർ, എം എൽ എ മാർ, രാഷ്ട്രീയ സംഘടനകൾ എന്നിവരെയെല്ലാം സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. നാട്ടിലേക്ക് പോകാൻ കഴിയാതെയും ജോലിയോ വരുമാനമോ ഇല്ലാതെയും കഴിയുന്നതിനിടെയാണ് രമ്യ പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിക്കുന്നത്.
ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം പ്ലീസ് ഇന്ത്യയുടെ പബ്ലിക് അദാലത്തിൽ അവർ പങ്കെടുക്കുകയും കേസ് പ്ലീസ് ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തു. സഊദി അഡ്വക്കറ്റ് അബ്ദുള്ള മിസ്ഫർ അൽ ദോസരിയുടെ സഹായത്തോടെ പിറ്റേ ദിവസം തന്നെ ലത്തീഫ് തെച്ചി രമ്യയുടെ കുടുംബത്തെയും കൂട്ടി റിയാദ് ജവാസാത് സന്ദർശിക്കുകയും അവിടെ കേസ് ഫയൽ ചെയ്യുകയും ചെയ്തു. പ്ലീസ് ഇന്ത്യ ഡിപ്ലോമാറ്റിക് ഗ്ലോബൽ സെക്രട്ടറി അൻഷാദ് കരുനാഗപ്പള്ളിയുടെ ഇടപെടലിലൂടെ കാര്യങ്ങൾ ജയിൽ അധികൃതരെ വേഗത്തിൽ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. തുടർന്ന് ജവാസാത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ ഡീ പോർട്ടേഷൻ സെന്ററിലേക്ക് കത്ത് അയക്കുകയും കൂടിയാലോചന കമ്മിറ്റിക്ക് മുന്നിൽ ഇവരുടെ കേസ് വെക്കുകയും ചെയ്തു.
ഒരു മാസത്തെ പരിശ്രമത്തിനൊടുവിൽ പ്ലീസ് ഇന്ത്യയുടെ ഇടപെടലിലൂടെ 30,000 സൗദി റിയാൽ ഫൈൻ അടയ്ക്കണമെന്ന വിധി ഒഴിവായിക്കിട്ടി. ലത്തീഫ് തെച്ചിയുടെയും അൻഷാദ് കരുനാഗപ്പള്ളിയുടെയും വക്കീൽ അബ്ദുള്ള മിസ്ഫർ അൽ ദോസരിയുടെയും മറ്റ് സഹപ്രവർത്തകരുടെയും അക്ഷീണ പരിശ്രമത്തിനോടുവിൽ കഴിഞ്ഞ ദിവസം രമ്യയും കുടുംബവും നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയ രമ്യയും കുടുംബവും പ്ലീസ് ഇന്ത്യ പ്രവർത്തകർക്ക് നന്ദി അറിയിച്ചു.
അഡ്വ: റിജി ജോയ്, അഡ്വ: ജോസ് എബ്രഹാം, മൂസ മാസ്റ്റർ, സുധീഷ അഞ്ചുതെങ്ങ്, വിജയ ശ്രീ രാജ്, സൂരജ് കൃഷ്ണ, റിനോയ് വയനാട്, റബീഷ് കോക്കല്ലൂർ എന്നിവർ സഹായത്തിനായി പല ഘട്ടങ്ങളിൽ രംഗത്തുണ്ടായിരുന്നു.
വാർത്തകൾക്കായി ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/L5II26LavYGDxwfwgoL1j0