ഗൾഫ് മേഖലയിലെ ഏറ്റവും വലിയ മത്സ്യ മാർക്കറ്റ് കിഴക്കൻ സഊദിയിലെ ഖത്വീഫിൽ തുറന്നു

0
4900

ദമാം: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ മത്സ്യ ദ്വീപായ ഫിഷ് ഐലൻഡ് കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ പ്രവിശ്യ അമീർ അമീർ പ്രിൻസ് സഊദ് ബിൻ നായിഫ് ഉദ്ഘാടനം ചെയ്തു. ഏകദേശം 80 മില്യൺ റിയാൽ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച മത്സ്യ ദ്വീപ്, ഖത്വീഫ് മത്സ്യബന്ധന തുറമുഖത്തിന് സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്. 120,000 ചതുരശ്ര മീറ്റർ വിസ്തൃതിയാണ് വിശാലമായ മത്സ്യ ദ്വീപിനുള്ളത്.

6,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പ്രധാന കെട്ടിടം, റീട്ടെയിൽ സ്റ്റോറുകൾ, മൊത്തക്കച്ചവടക്കാർക്കുള്ള സൈഡ് യാർഡ്, നിക്ഷേപ കേന്ദ്രങ്ങൾ, ഐസ് ഫാക്ടറി, സ്റ്റോറേജ്, കൂളിംഗ് മേഖലകൾ, മത്സ്യ വിൽപ്പനയുമായി ബന്ധപ്പെട്ട വാണിജ്യ കാര്യങ്ങളെ സഹായിക്കുന്ന സൗകര്യങ്ങൾ എന്നിവയാണ് ഈ മാർക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സൗകര്യങ്ങൾ.

ഇതോടൊപ്പം, ഖത്തീഫിലെ 150 വർഷം പഴക്കമുള്ള സെൻട്രൽ ഫിഷ് മാർക്കറ്റ് ഫിഷ് ഐലൻഡിലേക്ക് മാറ്റിയിട്ടുണ്ട്. ഗൾഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മാർക്കറ്റുകളിലൊന്നായാണ് ഈ മാർക്കറ്റ് കണക്കാക്കപ്പെട്ടിരുന്നത്. കൂടാതെ വൈവിധ്യമാർന്ന മത്സ്യ ഉൽപന്നങ്ങൾക്ക് പേരുകേട്ട കേന്ദ്രം കൂടിയാണ്.

മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രി മജീദ് അൽ ഹുഖൈലും മത്സ്യ ദ്വീപ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മത്സ്യവ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും ഫിഷ് ഐലൻഡ് ഒരു ലക്ഷ്യസ്ഥാനമാകുമെന്ന് കിഴക്കൻ പ്രവിശ്യാ മേയർ എഞ്ചി: ഫഹദ് അൽ ജുബൈർ പറഞ്ഞു. മേഖലയിലെ വാണിജ്യ മുന്നേറ്റവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനുമായി വ്യാപാര സ്ഥാപനങ്ങൾക്കുള്ള സ്ഥലങ്ങൾ പരിഗണിച്ചാണ് പദ്ധതി നടപ്പാക്കിയത്.

വാർത്തകൾക്കായി 👇

https://chat.whatsapp.com/HJNYNkPS4arGuQQhDknJ0O