റിയാദ്: രാജ്യത്തെ ഊർജ മേഖലയിൽ സഊദി വത്കരണം ശക്തമാക്കാൻ പദ്ധതി ഒരുങ്ങുന്നു. ഈ മേഖലയിൽ കൂടുതൽ സഊദി വത്കരണം നടത്തുന്നതിനും വിവിധ പങ്കാളികൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുമായി പ്രത്യേക കമ്മിറ്റി ഉടൻ രൂപീകരിക്കുമെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു.
തിങ്കളാഴ്ച നടന്ന ‘ഇക്തവ 2022’ പ്രത്യേക ഫോറത്തിലും എക്‌സിബിഷനിലും സംസാരിക്കുകയായിരുന്നു ഊർജ മന്ത്രി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള റിന്യൂവബിൾ എനർജി സെക്‌ടറിന്റെ ഇലക്‌ട്രിസിറ്റി ഉൽപ്പാദനത്തിനും ശാക്തീകരണത്തിനുമുള്ള എനർജി മിക്‌സ് അഫയേഴ്‌സ് ഹയർ കമ്മിറ്റിയുടെ കുടക്കീഴിലാണ് സമിതി പ്രവർത്തിക്കുക.
എനർജി എഫിഷ്യൻസി പ്രോഗ്രാം, ഇലക്‌ട്രിസിറ്റി സെക്ടർ സോളിഡാരിറ്റി, സർക്കുലർ കാർബൺ ഇക്കോണമി ഇനിഷ്യേറ്റീവ് തുടങ്ങിയ, വലിയ ദേശീയ പദ്ധതികളുടെ വെല്ലുവിളികളെ അതിജീവിക്കാൻ രാജ്യത്തിന്റെ സമഗ്രവും സംയുക്തവുമായ സമീപനം സഹായിച്ചതായി അദ്ദേഹം സൂചിപ്പിച്ചു.
ദ്രവ ഇന്ധനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ദേശീയ പരിപാടി പോലുള്ള നിലവിലെ പദ്ധതികൾക്കും ഇതേ സമീപനം ബാധകമാകുമെന്നും, അതിലൂടെ രാജ്യം പ്രതിദിനം ഒരു ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാർത്തകൾക്കായി ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/HJNYNkPS4arGuQQhDknJ0O