സൻആ: യമനിൽ വ്യോമാക്രമണത്തിൽ ജയിൽ തകർന്ന് 70 ലധികം തടവുകാർ കൊല്ലപ്പെട്ടു. ഹൂതി വിമതരുടെ കീഴിലുള്ള ജയിലിൽ ആണ് വെള്ളിയാഴ്ച വ്യോമക്രമണത്തിൽ തകർന്നത്. അറബ് സഖ്യസേനയാണ് ആക്രമണത്തിന് പിന്നിലെന്ന് ഹൂതികൾ ആരോപിച്ചു. തന്ത്രപ്രധാനമായ തുറമുഖ നഗരമായ ഹുദൈദയിലെ ടെലികമ്മ്യൂണിക്കേഷൻ കെട്ടിടത്തിൽ വെള്ളിയാഴ്ച പുലർച്ചെ മറ്റൊരു വ്യോമാക്രമണവും ഉണ്ടായി, ഇത് രാജ്യവ്യാപകമായി ഇന്റർനെറ്റ് തടസ്സപ്പെടുത്തുന്നതിന് കാരണമായി, ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും കൊല്ലപ്പെട്ടു, സേവ് ദി ചിൽഡ്രൻ പറഞ്ഞു. ഇന്റർനെറ്റ് തടസ്സം സഹായ വിതരണത്തെ ബാധിക്കുമെന്ന് നോർവീജിയൻ അഭയാർത്ഥി കൗൺസിൽ അറിയിച്ചു.
ജയിലിൽ 70 തടവുകാർ കൊല്ലപ്പെട്ടതായും മറ്റ് നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ എണ്ണം ഉയരുമെന്നും വടക്കൻ യെമൻ നിയന്ത്രിക്കുന്ന ഹൂത്തി സർക്കാരിലെ ആരോഗ്യമന്ത്രി താഹ അൽ-മോതവക്കിൽ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ഈ കുറ്റകൃത്യങ്ങൾ നേരിടുമ്പോൾ ലോകം നിശബ്ദരാകാൻ കഴിയില്ല,മെഡിക്കൽ സ്റ്റാഫിനെയും സഹായത്തെയും അയയ്ക്കാൻ അന്താരാഷ്ട്ര സഹായ സംഘടനകളോട് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി അറിയിച്ചു.
അതേസമയം, സഊദി അറേബ്യയുടെ നേതൃത്വത്തിൽ സഅദയിലെ തടങ്കൽ കേന്ദ്രം ലക്ഷ്യമിട്ട് സഖ്യസേന നടത്തിയെന്ന ഹൂത്തികളുടെ ആരോപണം തെറ്റാണെന്ന് സഖ്യ സേന വക്താവ് ജനറൽ അൽ-മാലികി വ്യക്തമാക്കി. യെമനിലെ സആദ ഗവർണറേറ്റിലെ തടങ്കൽ കേന്ദ്രം സഖ്യസേന ലക്ഷ്യമിട്ടതുമായി ബന്ധപ്പെട്ട് ഇറാൻ പിന്തുണയുള്ള ഭീകരരായ ഹൂതി മിലിഷ്യയുടെ ആരോപണം ശനിയാഴ്ച രാവിലെയാണ് സഖ്യസേനയുടെ സംയുക്ത സേനാ കമാൻഡ് നിഷേധിച്ചത്.
സഖ്യത്തിന്റെ ജോയിന്റ് ഫോഴ്‌സ് കമാൻഡിന്റെ ആഭ്യന്തര സംവിധാനം അനുസരിച്ച് പോസ്റ്റ്-ആക്ഷൻ നടപടിക്രമങ്ങളുടെ (എഎആർ) സമഗ്രമായ അവലോകനം നടത്തിയതിന് ശേഷം ആരോപണങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ചു, സംയുക്ത സേന അത്തരം റിപ്പോർട്ടുകൾ ഗൗരവമായി എടുക്കുന്നുവെന്ന് അൽ-മാൽക്കി ചൂണ്ടിക്കാട്ടി. തീവ്രവാദി ഹൂത്തി മിലിഷ്യ പുറത്തു വിട്ട മാധ്യമ റിപ്പോർട്ടുകൾ അവരുടെ പതിവ് തെറ്റിധാരണ സമീപനത്തിന്റെ തുടർച്ചയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.