രണ്ട് വർഷത്തോളം സഊദിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനെ നാട്ടിലെത്തിച്ചു

0
2670

ത്വായിഫ്: പക്ഷാഘാതത്തെ തുടർന്ന് 22 മാസമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനെ നാട്ടിലെത്തിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരി സ്വദേശി അബ്ദുൽ ഹമീദ് കമാലുദീനാണ് (54) ജിദ്ദ ഇന്ത്യൻ കോൺസിലേറ്റിന്റെ സഹായത്തോടെ നാടണഞ്ഞത്. നാല് മാസത്തോളം ത്വായിഫ് കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കഴിഞ്ഞിരുന്നത്. കൊവിഡ് രോഗികൾ വർധിച്ചതിനാൽ അൽമോയ ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുന്നതിന് ത്വായിഫ് കെ.എം.സി.സി പ്രസിഡണ്ട് നാലകത്ത് മുഹമ്മദ് സാലിഹ് വിഷയം ജിദ്ദ കോൺസിലേറ്റിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. കോൺസിലേറ്റിന്റെ ശക്തമായ ഇടപെടൽ അബ്ദുൽ ഹമീദ് കമാലുദ്ദീനെ നാട്ടിലെത്തിക്കുന്നതിന് കൂടുതൽ സഹായകമായി. നാട്ടിലെത്തിക്കുന്നതിന് വിമാന ടിക്കറ്റിന്റെ പണം കോൺസിലേറ്റ് നൽകി. രോഗിയുടെ കൂടെ അനുഗമിക്കാൻ നഴ്‌സിനെ കിട്ടാൻ വൈകിയതാണ് യാത്ര ഇത്രയും നീണ്ടുപോയത്. റിയാദിൽ നഴ്‌സായി ജോലിനോക്കുന്ന കൊല്ലം സ്വദേശി ജോളിയാണ് കമാലുദ്ദീനെ അനുഗമിക്കാൻ തയ്യാറായി മുന്നോട്ടുവന്നത്. നാട്ടിലെത്തിച്ചതിനുശേഷം ഇവർ റിയാദിൽ തിരിച്ചെത്തി. ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് നാട്ടിലെത്തിച്ചത്.

30 വർഷത്തോളം ഇദ്ദേഹം അൽമോയയിൽ മെക്കാനിക്കായി ജോലിചെയ്‌ത്‌ വരികയായിരുന്നു, ഭീമമായ ആശുപത്രി ബിൽ തുക സഊദി ആരോഗ്യമന്ത്രാലയം ഒഴിവാക്കിക്കൊടുത്തു. ജിദ്ദ കോൺസിലേറ്റ് ജനറൽ മുഹമ്മദ് ഷാ ആലമിന്റെ നിർദ്ദേശപ്രകാരം വൈസ് കോൺസിലർ അമരേന്ദ്രകുമാർ, കോൺസുലർ ഡോ: ഹലീം, ഉദ്യോഗസ്ഥനായ സുലൈമാൻ എന്നിവർ സഹായത്തിനുണ്ടായിരുന്നു. ത്വായിഫിൽ നിന്നുള്ള യാത്രാ രേഖകൾക്കും മറ്റ് നടപടിക്രമങ്ങൾക്കും സാമൂഹ്യ പ്രവർത്തകനായ നാലകത്ത് മുഹമ്മദ് സാലി നേതൃത്വം നൽകി, നാട്ടുകാരായ അഷ്‌റഫ്, ആലിം, മുക്താർ, ലിയാഖത്ത് എന്നിവരും സഹായത്തിനുണ്ടായിരുന്നു.