മൊബൈൽ സിം ഉണ്ടാക്കിയ ഊരാക്കുടുക്ക്: പ്രവാസികൾ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഈ മലയാളിയുടെ ഗതി വന്നേക്കാം, താനറിയാത്ത കുറ്റത്തിന് ആലപ്പുഴ സ്വദേശിയുടെ പേരിൽ വൻ ക്രിമിനൽ കുറ്റം

0
7336

റിയാദ്: സദാ സമയവും ജാഗരൂകരാകണമെന്ന് വെളിപ്പെടുത്തുന്ന സംഭവമാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശി അനിലിന് സഊദിയിൽ ഉണ്ടായിരിക്കുന്നത്. താൻ പോലും അറിയാത്ത സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരിൽ ഇദ്ദേഹം യാത്രാവിലക്ക് നേരിടുകയാണ്. 2019 ലെ റമദാനിൽ ദമാം സീക്കൊക്ക് സമീപമുള്ള ഒരു മൊബൈൽഷോപ്പിൽ നിന്ന് വെർജിൻ നെറ്റ്‌വർക്കിന്റെ ഒരു സിം എടുത്തതാണ് ഇദ്ദേഹത്തിനു വിനയായത്. ഇത്‌ വലിയൊരു കെണിയിലാണ് അനിലിനെ കൊണ്ടെത്തിച്ചത്. റിയാദിലുള്ള ഒരു യെമൻ പൗരന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് 6,100 റിയാൽ കവർന്നു എന്ന കേസാണ് അനിലിന്റെ മേലിൽ ചാർത്തപ്പെട്ടത്.

ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബവുമൊത്ത് ദമാമിൽ താമസിക്കുന്ന അനിൽ റീ എൻട്രി അടിക്കാൻ ജവാസാത്തിനെ സമീപിച്ചപ്പോഴാണ് യാത്രാവിലക്ക് രേഖപ്പെടുത്തിയതായി അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റിയാദിലുള്ള ഒരു യെമൻ പൗരന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് 6,100 റിയാൽ കവർന്നു എന്ന കേസ് ആണ് അനിലിന്റെ പേരിൽ ഉള്ളതായി കണ്ടെത്തിയത്.

വിശദമായ അന്വേഷണത്തിൽ അനിലിന്റെ പേരിലുള്ള ഒരു മൊബൈൽ നമ്പറിൽനിന്ന് യമനി പൗരൻ ഒ.ടി.പി നമ്പർ ചോദിച്ചുകൊണ്ട് ഒരു ഫോൺ കാൾ ചെന്നതായും ഒ.ടി.പി നൽകിയപ്പോൾ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുകയുമായിരുന്നു.
യെമനി പൗരൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കാൾ ചെയ്ത ഫോൺ നമ്പർ അനിലിന്റെ പേരിൽ എടുത്തതാണെന്ന് മനസ്സിലാവുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ അനിലിന്റെ ഇഖാമ നമ്പർ ഉപയോഗിച്ച് പത്തോളം സിമ്മുകൾ എടുത്തതായും പോലീസിന് ബോധ്യമായി.

എന്നാൽ, ഒരു ബംഗാളി സെയിൽസ്മാൻ നിയമപരമായ സംവിധാനത്തിലൂടെയാണ് സിം നൽകിയതെന്നും തന്റെ ഇഖാമ കോപ്പിയും വിരലടയാളവും എടുത്തുമാണ് സിം വാങ്ങിയതെന്നും അനിൽ പറയുന്നു. ദമാം പബ്ലിക് പ്രോസിക്യൂഷനിൽ ഹാജരാക്കിയ അനിലിനെ ചോദ്യം ചെയ്തുവെങ്കിലും കാര്യമായ ഒന്നും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഒരു വർഷത്തെ ബാങ്ക് സ്റ്റേറ്റ് മെന്റും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ ജാമ്യം അനുവദിച്ചു കിട്ടി. ഇതിനിടയിൽ നിരവധി രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന അമ്മ 2020 ഫെബ്രുവരിയിൽ മരണപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും യാത്രാ വിലക്ക് നില നിൽക്കുന്നതിനാൽ യാത്ര പോകാൻ കഴിഞ്ഞില്ല.

വിദഗ്ധമായ പരിശോധനയിൽ അനിൽ നിരപരാധിയാണെന്ന് മനസിലായതോടെ യെമനിയുമായി അനുരഞ്ജന ശ്രമം നടത്തിയാൽ കേസ് പിൻവലിക്കാൻ കഴിയുമെന്ന് അധികൃതർ നിയമോപദേശം നൽകി. തുടർന്ന് അനുരഞ്ജനത്തിനുള്ള ശ്രമമാംരംഭിച്ചെങ്കിലും തനിക്കു നഷ്ടപ്പെട്ട പണം ആര് തന്നാലും കേസ് പിൻവലിക്കുമെന്ന പരാതിക്കാരൻ യമനിയുടെ ആവശ്യപ്രകാരം ആരോ ചെയ്ത വഞ്ചനയാണെങ്കിലും എങ്ങനെയെങ്കിലും ഈ കേസ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന് നഷ്ടപ്പെട്ട 6,100 റിയാൽ നൽകാൻ തീരുമാനിച്ചു. പണം സ്വീകരിച്ച യമനി പൗരൻ പോലീസ് സ്‌റ്റേഷനിലും പിന്നീട് പബ്ലിക് പ്രോസിക്യൂഷനിലുമെത്തി കേസ് പിൻവലിക്കുകയും ചെയ്തു. എന്നാൽ കേസ് പിൻവലിക്കാൻ പല തവണ സ്റ്റേഷനിലും പ്രോസിക്യൂഷനിലും കയറിയിറങ്ങിയെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് അധികൃതർ അനിലിനെ തിരിച്ചയച്ചുകൊണ്ടേയിരുന്നു. ഇതിനിടെ മാതാവ് മരിച്ച് ഒരു വർഷം പൂർത്തിയായ 2021 ഫെബ്രുവരിയിൽ പിതാവും മരണത്തെ പുൽകി. പക്ഷെ അപ്പോഴും അനിലിന് ഇവിടെ നിന്ന് സങ്കടം കടിച്ചമർത്താൻ മാത്രമേ സാധിച്ചുള്ളൂ. കഴിഞ്ഞ ആറ് മാസം മുമ്പ് നല്ല ജോലിയും സാഹചര്യവും ഉണ്ടായിരുന്ന അനിൽ ഭാര്യയേയും മക്കളെയും നാട്ടിലേക്ക് അയച്ചു. എങ്ങനെയെങ്കിലും ഈ കുരുക്കഴിച്ചു നാട്ടിലേക്ക് മടങ്ങുന്നതിനുള്ള തയാറെടുപ്പിൽ അനിൽ വാതിലുകൾ മുട്ടികൊണ്ടേയിരിക്കുകയാണ്. എംബസിയും മറ്റും ശ്രമം നടക്കുന്നുണ്ട്.

പ്രവാസികളുടെ അലസതയും കെടുകാര്യസ്ഥതയുമാണ് ഇത്തരം കേസുകളിൽ അകപ്പെടാൻ സാഹചര്യമുണ്ടാക്കുന്നതെന്ന് അനിലിൻറെ കേസ്‌ പരിഹാരത്തിനു ശ്രമിക്കുന്ന സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം ഓർമിപ്പിച്ചു. നിലവിൽ ഇഖാമ ഉപയോഗിച്ച് വ്യാജന്മാർ നടത്തുന്ന നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനു ഓൺലൈനിലും നേരിട്ടും നിരവധി മാർഗങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രവാസികളുടെ അശ്രദ്ധയാണ് ഇതിനെല്ലാം കാരണം. ഓൺലൈൻ മുഖേനയും മൊബൈൽ വഴിയും നടക്കുന്ന നിരവധി ചതിക്കുഴികളെ കുറിച്ച് വാർത്താ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നൽകുന്ന മുന്നറിയിപ്പ് പ്രവാസികൾ ഒരിക്കലും അവഗണിക്കരുതെന്നും നാസ് വക്കം അഭ്യർഥിച്ചു.