വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് സഊദിയിലേക്ക് കടക്കാൻ ശ്രമം; കൊച്ചിയിൽ യുവതി പിടിയിൽ

0
3863

കൊച്ചി: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് സഊദിയിലേക്ക് കടക്കാൻ ശ്രമിച്ച യുവതി പിടിയിലായി. തിരുവനന്തപുരം സ്വദേശിനി ആറ്റുകാൽ ദേവി ക്ഷേത്ര കല്യാണ മണ്ഡപത്തിന് സമീപം കൽപാംകുളം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീലത (42) ആണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായത്. വസന്താ ജനാർദ്ദനൻ, വസന്താലയം മുകുന്ദുപുരം ചവറ എന്ന വ്യാജ പേരും മേൽവിലാസവും ഉപയോഗിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം വഴി സഊദിയിലേക്ക് കടക്കാനായിരുന്നു ശ്രമം.

യുവതി വ്യാജ പാസ്പോർട്ട് ഇഷ്യു ചെയ്തതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് യുവതിക്കായി ജില്ലാ പോലീസ് മേധാവി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതറിയാതെ സഊദിയിലേക്ക് പോകാനായി എയർപോർട്ടിലെത്തിയ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചവറ ഇൻസ്‌പെക്ടർ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ നൗഫൽ, എസ്.സി.പി.ഒ മാരായ തമ്പി, സബിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. യുവതിയെ കോടതിയിൽ ഹാജരാക്കി.