ഓൺലൈൻ തട്ടിപ്പിൽ സഊദിയിൽ മൂന്ന് മലയാളി നഴ്സുമാർക്ക് ലക്ഷത്തിലേറെ റിയാൽ നഷ്ടമായി

0
7287

റിയാദ്: ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ മലയാളികൾക്ക് ലക്ഷത്തിലേറെ റിയാൽ നഷ്ടമായി. സഊദിയിൽ ജോലി ചെയ്യുന്ന മൂന്ന് മലയാളി നഴ്സുമാർക്കാണ് ഒരു ദിവസം ലക്ഷത്തിലേറെ റിയാൽ നഷ്ടമായത്. തീരെ സംശയിക്കാത്ത നിലയിൽ തട്ടിപ്പ് സംഘം ഒരുക്കിയ കെണിയിൽ ഇവർ പെട്ടുപോകുകയായിരുന്നു. ദമാമിലെ പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്ന് മലയാളി നഴ്സുമാർക്കാണ് പണം നഷ്ടമായത്. പോലീസിലും മറ്റു അധികൃതരിലും പരാതി നൽകിയിരിക്കുകയാണിവർ.

ഇവരുടെ അകൗണ്ടിൽ കൂടുതൽ പണം എത്തിയതിന്റെ തൊട്ടു പിറകെയാണ് തട്ടിപ്പ് നടന്നത്. നാട്ടിലെ ചില ബാധ്യതകൾ തീർക്കാൻ ബാങ്കിൽ നിന്ന് ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടിൽ എത്തിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞതോടെ ഇവർക്ക് ഒരു ഫോൺ കോൾ എത്തി. അക്കൗണ്ട് നമ്പർ പറഞ്ഞ ശേഷം ഇത് നിങ്ങളുടെ പേരിലുള്ളതല്ലേ എന്ന ചോദ്യത്തോടെയാണ് തട്ടിപ്പ് സംഘം കെണിയൊരുക്കിയത്. തങ്ങളുടെ അക്കൗണ്ട് നമ്പർ കേട്ടതോടെ ബാങ്കിൽ നിന്നാണ് വിളിക്കുന്നതെന്ന് കരുതിയ ഇവർക്ക് പിന്നീടാണ് ചതി മനസിലായത്. ചില വിവരങ്ങൾ അറിയാനുണ്ടെന്ന വ്യാജേന 10 മിനുട്ടിലധികം ഫോൺ കട്ട് ചെയ്യാതെ ഇവരെ ലൈനിൽ തന്നെ നിർത്തി. ഈ സമയത്തിനുള്ളിലാണ് പണം അടിച്ചു മാറ്റിയത്.

ഒരാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 38,000 റിയാലും മറ്റ് രണ്ട് പേരുടെ അക്കൗണ്ടുകളിൽ നിന്ന് 40,000 റിയാൽ വീതവും തട്ടിപ്പുകാർ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഒ.ടി.പി നമ്പർ ഫോണിലെത്തിയത് ചോദിക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ല. എന്നാൽ ഫോൺ കട്ട് ചെയ്യാതെ കിട്ടിയ 10 മിനുട്ട് സമയത്തിനുള്ളിൽ അതിലെത്തിയ ഒ.ടി.പി നമ്പർ തട്ടിപ്പുകാർ മറ്റേതോ മാർഗത്തിലുടെ കൈക്കലാക്കിയെന്നാണ് സംശയിക്കുന്നത്.

മറ്റൊരു രാജ്യത്തെ അക്കൗണണ്ടിലേക്കാണ് നിമിഷം നേരം കൊണ്ട് പണം മാറ്റിയത്. പൊലീസിലും ബാങ്കിലും പരാതി നൽകിയിട്ടുണ്ട്. വിദേശത്തെ ബാങ്കിലേക്കാണ് പണം മാറ്റിയത് എന്നതിനാൽ പണം തിരിച്ചു പിടിക്കാൻ പ്രയാസമാകുമെന്ന തരത്തിലാണ് ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ച മറുപടി.

ഓൺലൈൻ പർച്ചേസ് നടത്തുമ്പോൾ നൽകുന്ന അക്കൗണ്ട് വിവരങ്ങളാണ് ഇത്തരം തട്ടിപ്പു സംഘങ്ങൾ കൈക്കലാക്കി ഉപയോഗപ്പെടുത്തുന്നതെന്നാണ് വിവരം. അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ ഒരു വേള എല്ലാവരും ഇതുപോലെയുള്ള തട്ടിപ്പു സംഘത്തിൽ പെട്ടു പോകാൻ ഇടയുണ്ട്.