റിയാദ്: കൊവിഡ് കേസുകൾ വർധിക്കുന്ന കാരണം ചൂണ്ടിക്കാട്ടി അവധിക്ക് പോകുന്ന പ്രവാസികൾക്ക് വീണ്ടും ഒരാഴ്ചക്കാലത്തേക്ക് നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ ആവശ്യപ്പെട്ടു. റിയാദ് മലപ്പുറം ജില്ല കെഎംസിസി വെൽഫെയർ വിംഗ് എക്സിറ്റ് പതിനെട്ടിൽ സംഘടിപ്പിച്ച വളണ്ടിയർമാരുടെ സംഗമമായ ‘വി മീറ്റ് – 2022’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെൽഫെയർ വിംഗ് ആക്റ്റിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു.
കുറഞ്ഞ അവധിക്ക് നാട്ടിൽ പോകുന്ന പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ കൈകൊള്ളുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് വാക്സിനേഷൻ പൂർത്തിയാക്കിയാണ് പ്രവാസികൾ അവധിക്ക് പോകുന്നത്. കൂടാതെ പി സി ആർ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പിക്കുന്ന രേഖയുമായി നാട്ടിലെത്തുന്ന പ്രവാസി, സ്വന്തം ചിലവിൽ വിമാനത്താവളങ്ങളിൽ നിന്നുള്ള പരിശോധന കൂടി പൂർത്തിയാക്കിയാണ് നാട്ടിലെത്തുന്നത്. ഇതൊന്നും പരിഗണിക്കാതെ പ്രവാസി ദ്രോഹ നടപടിയുമായി മുന്നോട്ട് പോകുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നീക്കം അപലപനീയമാണ്. കൊവിഡ് പ്രോട്ടോകോളുകൾ പാലിക്കാതെ ഉത്തരവാദിത്വമുള്ള സർക്കാറുകൾ തന്നെ നടത്തുന്ന ഉദ്ഘാടന മേളകൾ ഉൾപ്പടെയുള്ള പരിപാടികൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് സെഷനുകളിലായി നടന്ന പരിപാടിയിൽ
സേവനം, സന്നദ്ധത, സമർപ്പണം എന്ന വിഷയത്തിൽ സിജി ട്രെയിനർ ഷുക്കൂർ പൂക്കയിലും , “സമൂഹ്യസേവനത്തിന്റെ ഇസ്‌ലാമിക മാനം” എന്ന വിഷയത്തിൽ റിയാദ് എസ് ഐ സി പ്രസിഡന്റ് മുഹമ്മദ് കോയ വാഫിയും, മതനിരാസവും കമ്മ്യുണിസവും എന്ന വിഷയത്തിൽ സത്താർ താമരത്തും ക്ളാസുകളെടുത്തു. വെൽഫെയർ വിംഗിന്റെ പുതിയ സംരംഭമായ ജോബ് സെല്ലിന്റെ ഉദ്ഘാടനം സഊദി കെഎംസിസി സെക്രട്ടറിയേറ്റംഗം ഉസ്‌മാൻ അലി പാലത്തിങ്ങൽ നിർവ്വഹിച്ചു. മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര കുഞ്ഞിമോൻ കാക്കിയയെ ആദരിച്ചു. ജില്ല വെൽഫയറിന് കോട്ടക്കൽ നിയോജകമണ്ഡലം കെഎംസിസി നൽകുന്ന വീൽചെയർ, വാക്കർ തുടങ്ങിയ ഉപകരണങ്ങൾ ഭാരവാഹികൾ ചടങ്ങിൽ കൈമാറി. മുൻകൂട്ടി തെരഞ്ഞെടുത്ത മുന്നൂറോളം വളണ്ടിയർമാരും പ്രവർത്തകരുമാണ് സംഗമത്തിൽ പങ്കെടുത്തത്.
ഉദ്ഘാടന സമ്മേളനത്തിൽ സഊദി കെഎംസിസി സെക്രട്ടറിയേറ്റ് അംഗങ്ങളായ ശുഹൈബ് പനങ്ങാങ്ങര, തെന്നല മൊയ്തീൻ കുട്ടി, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസർ മാങ്കാവ്, ഉനൈസ കെഎംസിസി വർക്കിംഗ് പ്രസിഡന്റ് ജംഷീർ മങ്കട, മലപ്പുറം ജില്ല കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ആക്റ്റിംഗ് സെക്രട്ടറി ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, ഉമ്മർ അമാനത്ത്, മുത്തുകുട്ടി തരൂർ, ജില്ല വെൽഫെയർ വിംഗ് ട്രഷറർ
റിയാസ് തിരൂർക്കാട്, എന്നിവർ പ്രസംഗിച്ചു. ഷാഫി മാസ്റ്റർ തുവ്വൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ വെൽഫെയർ വിംഗ് കൺവീനർ ഷറഫ് പുളിക്കൽ സ്വാഗതവും ഇസ്ഹാഖ് താനൂർ നന്ദിയും പറഞ്ഞു. ശിഹാബ് തങ്ങൾ കുറുവ, അഷ്‌റഫ് കല്പകഞ്ചേരി, സലിം സിയാംകണ്ടം, ഷെബീർ കളത്തിൽ, ഷെബീറലി വള്ളിക്കുന്ന്, ഇഖ്ബാൽ തിരൂർ, ഇസ്മായിൽ സി വി, ഇസ്മായിൽ താനൂർ, മുസമ്മിൽ തിരൂരങ്ങാടി, സക്കീർ താഴേക്കോട്, മജീദ് മണ്ണാർമല, റിയാദ് നിലമ്പൂർ, ഫൈസൽ കോട്ടക്കൽ, നിസാർ കോട്ടക്കൽ, ഹനീഫ മുതുവല്ലൂർ, സൈദ് പെരിങ്ങാവ്, അഷ്‌റഫ് ടി എ ബി എന്നിവർ നേതൃത്വം നൽകി