അഴിമതി ആരോപണം; സഊദിയിൽ 233 സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു

0
1007

റിയാദ്: കൈക്കൂലി, അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സഊദി അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) 233 സർക്കാർ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം അതോറിറ്റി നടത്തിയ 5518 പരിശോധകളിലാണ് ഇത്രയധികം സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്‌തത്‌.

വിവിധ മേഖലകളിൽ നടന്ന പരിശോധനകളിൽ 641 പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ അന്വേഷിക്കുകയും അവരിൽ 233 പേരെ അറസ്റ്റ് ചെയ്യുകയുംചെയ്‌തതായി നസാഹ പറഞ്ഞു. പ്രതിരോധം, ആഭ്യന്തരം, ദേശീയ ഗാർഡ്, ആരോഗ്യം, നീതിന്യായം, മുനിസിപ്പൽ, റൂറൽ അഫയേഴ്സ്, ഹൗസിംഗ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

സാമ്പത്തികമോ ഭരണപരമോ ആയ അഴിമതികൾ ഉൾപ്പെടുന്ന സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം, പൊതു പണം സംരക്ഷിക്കുന്നതിനും പാഴാക്കാതെ സംരക്ഷിക്കുന്നതിനുമായി അതോറിറ്റിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും നസാഹ ആഹ്വാനം ചെയ്തു.