ത്വാഇഫ്: നാല് ദശാബ്‌ദത്തിന്റെ പ്രവാസം മതിയാക്കി തായിഫ് മലയാളികളുടെ എം എ പ്രവാസ ലോകത്ത് നിന്നും വിടവാങ്ങുന്നു. തലശ്ശേരി നിട്ടൂർ സ്വദേശി എ.എ റഹ്‌മാൻ കയ്പ്പും മധുരവും നിറഞ്ഞ ഓർമകളുടെ നിധി ശേഖരവും മനസ്സിൽ സൂക്ഷിച്ചാണ് സഊദി അറേബ്യയുടെ വേനൽകാല തലസ്ഥാനമായ തായിഫിൽ നിന്നും മടങ്ങുന്നത്. 1981 ഒക്ടോബർ 22 ന് ജിദ്ദയിലെത്തിയ ഇദ്ദേഹം മക്ക മസ്‌ജിദുൽ ഹറമിലെ ഇലക്ട്രീഷ്യൻ ഹെൽപ്പറായിട്ടായിരുന്നു ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് 8 മാസത്തോളം സംസം കിണർ മോട്ടോർ ഓപ്പറേറ്ററുമായി ജോലിയിൽ തുടർന്നു.
കെ.എം.സി.സി രൂപീകരിക്കുന്നതിൽ മുൻ നിരയിലുണ്ടായിരുന്നു. സംസ്ഥാന മുസ്‌ലിം ലീഗിന്റെ ജനറൽ സെക്രട്ടറി ഇൻ ചാർജ് സ്ഥാനം വഹിക്കുന്ന പി.എം.എ സലാം, സമദ് കാരാടൻ പരേതനായ എ.പി മഹ്‍മൂദ്ദ് തുടങ്ങിയവരുമായുള്ള ബന്ധം ജിദ്ദ കെ.എം.സി.സി യിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ജോലി ആവശ്യാർത്ഥം ത്വാഇഫിലെത്തി ഇവിടത്തെ സമാന ചിന്താഗതിക്കാരെ സംഘടിപ്പിച്ച് കെ എം സി സി രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. മുസ്‌ലിം ലീഗിന്റെ ലയന ശേഷം കെ. എം.സി.സിയും ചന്ദ്രിക റീഡേഴ്‌സ് ഫോറവും തമ്മിൽ യോജിച്ചതിനുശേഷം തുടർന്നുള്ള കാലങ്ങളിൽ സംഘടനയുടെ ഉന്നത സ്ഥാനങ്ങളും വഹിച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് കെ.എം.സി.സി യുടെ ആഭിമുഖ്യത്തിൽ ഓപ്പൺ സ്റ്റേജിൽ സ്വീകരണം നൽകിയത് മറക്കാനാകാത്ത അനുഭവമാണെന്ന് അദ്ദേഹം അനുസ്‌മരിച്ചു.
കെ.എം.സി.സി സ്ഥാപക നേതാക്കളായ മൺമറഞ്ഞ എം.എം മൗലവി, ടി.എൻ ഉസ്‌മാൻ വടകര, അബൂബക്കർ കരുവാരക്കുണ്ട്, ത്വാഇഫ് മേഖലയിൽ കെ.എം.സി.സി യുടെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച സി.കെ മൊയ്‌തു വടകര, ഡോ: ബഷീർ എന്നിവരുമൊത്ത് പ്രവർത്തിക്കാൻ സാധിച്ചതിലുള്ള സന്തോഷം അദ്ദേഹം ഓർത്തെടുക്കുന്നു. വാഹന സൗകര്യങ്ങളോ ടെലഫോൺ സംവിധാനങ്ങളോ ഇല്ലാത്ത കാലഘട്ടത്തിൽ കിലോമീറ്ററുകളോളം കാൽനടയായി ആഴ്‌ചകൾ വൈകി തപാലിൽ എത്തുന്ന ചന്ദ്രിക ദിനപത്രം പ്രവർത്തകരുടെ മുറികളിൽ എത്തിച്ച് നൽകിയ പ്രവർത്തനങ്ങൾ ഇന്നും എം.എ യുടെ ഓർമ്മകളെ പച്ചപ്പ് പുതപ്പിക്കുന്നു.
നാട്ടിൽ എം. എസ്.എഫിന്റെ തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ്, തലശ്ശേരി ടൗൺ സെക്രട്ടറി, സംസ്ഥാന കൗൺസിൽ എന്നീ സ്‌ഥാനങ്ങൾ വഹിക്കുമ്പോഴാണ് പ്രവാസിയായി എത്തുന്നത്. 1983 ൽ രൂപീകരിച്ച തായിഫിലെ കണ്ണൂർ ജില്ലാ മുസ്‌ലിം ജമാഅത്ത് നിവാസികളുടെ കമ്മിറ്റി ഭാരവാഹിയായിരുന്നു. ഇന്ത്യക്കാർ മരണമടഞ്ഞാൽ തുടർ നടപടിക്രമങ്ങൾക്ക് ഇന്നത്തേതുപോലെ സാമൂഹ്യ രംഗത്ത് ആളുകൾ ഇല്ലാതിരുന്ന കാലം ഇത്തരം പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടലുകൾ നടത്തി ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. ഐ.സി.ഡബ്ള്യു.എഫിന്റെ അംഗമായിരുന്ന എം എ സാമൂഹികസേവന സഹായങ്ങളിലും, റിലീഫ് പ്രവർത്തനങ്ങളിലൂടെയും മേഖലയിലെ മലയാളി സുഹൃത്തുക്കൾക്കിടയിൽ നിറസാന്നിധ്യമായിരുന്നു. നാട്ടിൽ അവശതയനുഭവിക്കുന്നവരെ സഹായിക്കുന്നതിലും എന്നും മുൻപന്തിയിലുണ്ടായിരുന്നു.
തിരിഞ്ഞു നോക്കുമ്പോൾ ഈ നാടിനെ കുറിച്ചും ഈ നാട് നൽകിയ സൗഭാഗ്യങ്ങളെ കുറിച്ചുമുള്ള നൻമ നിറഞ്ഞ ഓർമകളാണ് റഹ്‌മാനുള്ളത്. പ്രവാസ ജീവിതത്തിനിടയിലെ വലിയ സമ്പാദ്യം തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നീണ്ടു കിടക്കുന്ന സുഹൃത്ത് ബന്ധമാണെന്നും ഇദ്ദേഹം പറയുന്നു. ജിദ്ദ കണ്ണൂർ ജില്ലാ കെ.എം.സി.സി ഇ അഹമ്മദ് സ്‌മാരക സ്നേഹാദുരത്തിന് 2019 -ൽ ഇദ്ദേഹത്തെയാണ് തെരഞ്ഞെടുത്തിരുന്നത്.
കഴിഞ്ഞ നാല്പതാണ്ടുകാലത്തെ സേവന നന്മക്ക് എം.എ റഹ്മാന് ത്വാഇഫ് കെ.എം.സി.സി യുടെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി. തായിഫിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രഗത്ഭരും ഒട്ടേറെ കെ. എം.സി.സി പ്രവർത്തകരും പങ്കടുത്ത സദസ്സിൽ സിറ്റി കെ.എം.സി.സി, ഹലക ജുനൂബ്, ഹവിയ്യ, ശുത്ബ ഏരിയാ കമ്മറ്റികളും തായിഫിലെ പ്രമുഖ വ്യക്തികളും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
മുപ്പത് വർഷക്കാലം കുടുംബ സമേതമാണ് ത്വാഇഫിൽ കഴിഞ്ഞത. ഭാര്യ അഫ്‌സത്ത്, മകൻ അഫ്‌നാസ്, മകൾ ശൈമാഹു എന്നിവരടങ്ങുന്നതാണ് കുടുംബം അഫ്‌നാസ് ഇപ്പോൾ ജിദ്ദയിലും മരുമകൻ ഷാനിദ് മേലാട്ട് റിയാദിലും ജോലി ജോലി ചെയ്യുന്നു.




