സഊദിയിൽ വ്യാഴാഴ്ച മുതൽ മൂന്ന് തൊഴിൽ മേഖലകൾ കൂടി സ്വദേശിവത്കരണം പ്രാബല്യത്തിൽ, ആയിരക്കണക്കിന് തൊഴിലുകളിൽ നിന്ന് വിദേശികൾ പുറത്ത്

0
10565

റിയാദ്: സഊദിയിൽ മൂന്ന് തൊഴിൽ മേഖലകൾ കൂടി സ്വദേശിവത്കരിക്കാൻ തീരുമാനം. കസ്റ്റംസ് ക്ലിയറൻസ്, ഡ്രൈവിങ് സ്കൂളുകൾ, എൻജിനീയറിങ്, സാങ്കേതിക തൊഴിലുകൾ എന്നീ മേഖലകളിലാണ് ഡിസംബർ 30 വ്യാഴാഴ്ച മുതൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വരുന്നത്. ഈ വർഷം സ്വദേശികളായ തൊഴിലന്വേഷകർക്ക് 3,78,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് 20 തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഡിസംബർ 30 മുതൽ മൂന്ന് പുതിയ മേഖലകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കുന്നത്.

കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ ചില ജോലികളിൽ സ്വദേശിവത്കരണം 100 ശതമാനമായി ഉയർത്തുന്നതിലൂടെ 2,000 ലധികം തൊഴിലവസരങ്ങൾ സഊദികൾക്ക് നൽകാൻ കഴിയുമെന്നാണ് കരുതുന്നത്. ജനറൽ മാനേജർ, സർക്കാർ റിലേഷൻസ് ഉദ്യോഗസ്ഥൻ, കസ്റ്റംസ് ക്ലിയറൻസ് ക്ലർക്ക്, കസ്റ്റംസ് ഏജൻറ്, കസ്റ്റംസ് ബ്രോക്കർ, വിവർത്തകൻ എന്നീ തൊഴിലുകളാണ് കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ സമ്പൂർണ്ണ സ്വദേശിവത്കരണത്തിലുൾപ്പെടുന്നത്. 8,000 തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്ന ഡ്രൈവിങ് സ്കൂൾ മേഖലകളിൽ ഡ്രൈവിങ് പരിശീലകൻ, നിരീക്ഷകൻ തുടങ്ങിയ തൊഴിലുകളും സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. പരിശീലകന്റെ വേതനം 5,000 റിയാലിൽ കുറവായിരിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എൻജിനീയറിങ്, സാങ്കേതിക പ്രൊഫഷനുകളുടെ സ്വദേശിവത്കരണത്തിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ച പ്രൊഫഷണൽ തരംതിരിക്കൽ അനുസരിച്ച് എൻജിനീയറിങ്, സാങ്കേതിക പ്രൊഫഷനുകൾ എന്ന ഗണത്തിൽപ്പെടുന്ന എല്ലാ പ്രൊഫഷനുകളും ഉൾപ്പെടും. ഈ മേഖലയിൽ അഞ്ചോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമായിരിക്കും. 12,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജോലിക്ക് നിയോഗിക്കുന്ന ആളുടെ പ്രതിമാസ വേതനം 5,000 റിയാലിൽ കുറയരുതെന്നും സഊദി എൻജിനീയേഴ്സ് കൗൺസിലിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് വേണമെന്നും നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്.