സഊദി എയർലൈൻസ് കരിപ്പൂരിലേക്കില്ല; സഊദി-ഇന്ത്യ എയർ ബബ്ൾ പ്രാബല്യത്തിലാകുമ്പോഴും മലബാറിലെ സഊദി പ്രവാസികൾക്ക് ആശ്വസിക്കാൻ വകയില്ല

0
7433

കരിപ്പൂർ: രണ്ട് വർഷത്തെ കാത്തിരിപ്പിനോടുവിൽ സഊദി – ഇന്ത്യ എയർ ബബ്ൾ കരാർ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ ആകുമ്പോഴും മലബാറിലെ സഊദി പ്രവാസികൾക്ക് കാര്യമായി ആശ്വസിക്കാൻ വകയില്ല. എയർ ബബ്ൾ പ്രാബല്യത്തിലാകുമ്പോൾ ഇരു രാജ്യങ്ങളിലെയും ദേശീയ വിമാനകമ്പനികൾക്കും മറ്റു സ്വകാര്യ വിമാന കമ്പനികൾക്കും നേരിട്ട് സാധാരണ രീതിയിൽ സർവ്വീസ് നടത്താനുള്ള സംവിധാനം ഒരുങ്ങുമ്പോൾ കരിപ്പൂരിലെ വലിയ വിമാനങ്ങൾക്കുള്ള വിലക്കാണ് മലബാറിലെ സഊദി പ്രവാസികൾക്ക് തിരിച്ചടി നൽകുന്നത്.

സഊദി ദേശീയ വിമാന കമ്പനിയായ സഊദിയയുടെ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ അനുമതി ലഭിക്കാത്തതിനാൽ നിലവിലെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം മാത്രമായിരിക്കും കരിപ്പൂരിൽ നിന്ന് സഊടിയിലേക്കുണ്ടാകുക. കൂട്ടത്തിൽ ഇന്ത്യയിലെ തന്നെ ഇൻഡിഗോ സർവ്വീസുകളും ഉണ്ടായേക്കും. നിലവിൽ സഊദിയിലേക്കുള്ള പ്രവാസികൾ യാത്രാ ദുരിതത്തിന്റെ നേർ ഇരകളാണ്. നിലവിൽ നേരിട്ടുള്ള വിമാന സർവ്വീസ് നടത്തുന്ന എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റുകൾ ലഭിക്കുന്നേയില്ല. പിന്നെ മറ്റു രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ വിമാനങ്ങളാണ് ആശ്രയം. ഇത്‌ വഴിയുള്ള ടിക്കറ്റ് ലഭ്യതയും ഏറെ കഷ്ടത്തിലാണ്.

അടുത്ത ദിവസങ്ങളിൽ പോകാനായി ഉയർന്ന തുക നൽകിയാൽ പോലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോൾ. സഊദിയിൽ നിന്ന് സഊദി എയർലൈൻസ് കൂടി ഉണ്ടായിരുന്നെങ്കിൽ കരിപ്പൂരിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകളിൽ ഏറെ ആശ്വാസം ഉണ്ടാകുന്നതോടൊപ്പം സീറ്റുകളും കൂടുതൽ ഉണ്ടാകും. ഇത്‌ മലബാറിൽ നിന്നുള്ള സഊദി പ്രവാസികൾക്ക് ഏറെ ആശ്വാസമാണ് നൽകുക. എന്നാൽ, നിലവിലെ സാഹചര്യത്തിൽ കരിപ്പൂരിൽ നിന്നുള്ള സഊദിയ സർവ്വീസുകൾ ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന.

വലിയ വിമാനങ്ങൾക്കുള്ള അനുമതി ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ കരിപ്പൂർ എയർപോർട്ടിലെ സഊദിയ ഓഫീസ് അടച്ചു പൂട്ടാനൊരുങ്ങുകയാണ്. ഇതിന് പകരം കൊച്ചി എയർപോർട്ടിലെ ഓഫീസ് കൂടുതൽ മെച്ചപ്പെടുത്തുകയാണ് സഊദിയ ലക്ഷ്യമിടുന്നത്. കരിപ്പൂരിലേക്ക് ഉടനെയൊന്നും സഊദിയയുടെ സർവ്വീസ് ഉണ്ടാകുകയില്ലെന്നതിലേക്കാണ് ഇത്‌ സൂചന നൽകുന്നത്. ഡിസംബർ 31 ഓടെ ഓഫിസ് അടച്ച് ഇവിടെയുള്ള സംവിധാനങ്ങൾ കൊച്ചിയിലേക്ക് മാറ്റും. സർവിസ് പുനരാരംഭിക്കുന്നതിന് അനുമതി വൈകുന്ന പശ്ചാത്തലത്തിൽ കാത്തിരിക്കേണ്ടെന്നാണ് സഊദിയയുടെ തീരുമാനം.

വലിയ വിമാന സർവിസില്ലെങ്കിലും 2020 ഏപ്രിൽ മുതൽ സഊദിയ അതോറിറ്റിക്ക് ഓഫിസിനും മറ്റുമായി വാടക നൽകുന്നുണ്ട്. 2020 ആഗസ്റ്റ് ഏഴിലെ വിമാനാപകട പശ്ചാത്തലത്തിലാണ് വലിയ വിമാനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. തുടർന്ന് സഊദിയ ഡി.ജി.സി.എ ആവശ്യപ്പെട്ടത് പ്രകാരം സുരക്ഷ വിലയിരുത്തൽ നടത്തി ഈ വർഷം ജനുവരിയിൽ തന്നെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് ഓഫിസ് അടക്കുന്നത്. വലിയ വിമാനത്തിന് അനുമതി ലഭിച്ചാൽ ഓഫിസും മറ്റ് സംവിധാനങ്ങളും പുനഃസ്ഥാപിക്കുമെന്നാണ് സഊദിയ വൃത്തങ്ങൾ നൽകുന്ന സൂചന.