സഊദിയിൽ ഹൂതി മിസൈൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

0
3143

റിയാദ്: ദക്ഷിണ സഊദി നഗരമായ ജിസാനിൽ വെള്ളിയാഴ്ച ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരു സഊദി പൗരനും യെമൻ നിവാസിയുമാണ് കൊല്ലപ്പെട്ടതെന്ന് സഊദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. ഇവിടെ പ്രധാന തെരുവിലെ ഒരു വാണിജ്യ സ്റ്റോറിലാണ് സൈനിക പ്രൊജക്‌ടൈൽ വീണത്. അതിന്റെ ഫലമായി രണ്ട് മരണങ്ങളും 6 പൗരന്മാരും ഒരു ബംഗ്ലാദേശി താമസക്കാരും ഉൾപ്പെടെ 7 സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇറാന്റെ പിന്തുണയുള്ള ഭീകരരായ ഹൂതി മിലിഷ്യ യെമൻ പ്രദേശത്തിനകത്ത് നിന്ന് ജസാൻ ഗവർണറേറ്റിലെ സാംതയിലേക്ക് വിക്ഷേപിച്ച പ്രൊജക്‌ടൈൽ തകർന്നതായി സിവിൽ ഡിഫൻസിന് റിപ്പോർട്ട് ലഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വക്താവ് ലഫ്: കേണൽ മുഹമ്മദ് അൽ ഹമ്മദ് പറഞ്ഞു.

ആക്രമണത്തിൽ രണ്ട് കടകൾക്കും 12 വാഹനങ്ങൾക്കും നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആവശ്യമായ ചികിത്സ നൽകുന്നതിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അൽ ഹമ്മദ് അറിയിച്ചു.

സിവിലിയന്മാരെയും സിവിലിയൻ വസ്തുക്കളെയും ലക്ഷ്യമിടാനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.