നാട്ടിൽ നിന്ന് തിരിച്ചെത്തി റൂമിലേക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു, മലയാളി ഗുരുതരാവസ്ഥയിൽ

0
2706

ദമാം: നാട്ടിൽ പോയി അവധിക്ക് ശേഷം തിരിച്ചെത്തിയ തമിഴ്നാട് സ്വദേശി എയർപോർട്ടിൽ നിന്നും താമസ സ്ഥലത്തേക്കുള്ള യാത്രക്കിടെ വാഹനാപകടത്തിൽ മരിച്ചു. കിഴക്കൻ സഊദിയിലെ ഖഫ്ജിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന തൃച്ചി വാസൻ വാലി വയലൂർ റോഡിൽ സിറാജുദ്ദീൻ (45) ആണ് മരിച്ചത്. ദമാം വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം സുഹൃത്തുക്കളോടൊപ്പം താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ സ്വദേശി പൗരന്റെ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ കൂടെയുണ്ടായിടുന്ന മലയാളിക്ക് ഗുരുതര പരിക്കേറ്റു. രണ്ട് ദിവസം മുമ്പാണ് അപകടം.

വാഹനമോടിച്ചിരുന്ന തിരുവന്തപുരം സ്വദേശി അജികുമാറിനെ ഗുരുതര പരിക്കുകളോടെ ദമാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശി ഹുസൈൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ദമാമിൽ വിമാനമിറങ്ങിയ സിറാജുദ്ദീനെ കൂട്ടിക്കൊണ്ടുപോകാൻ ഖഫ്ജിയിൽ നിന്നും എത്തിയതായിരുന്നു റൂമിൽ ഒരുമിച്ചു കഴിയുന്ന അജികുമാറും ഹുസൈനും. ഇവിടെ നിന്നും ഖഫ്ജിയിലേക്കുള്ള യാത്രക്കിടെ ജുബൈൽ വ്യവസായ മേഖല രണ്ടിൽ ‘സദാറ’ പെട്രോ കെമിക്കൽ കമ്പനിക്ക് സമീപം സിഗ്നലിൽ നിർത്തിയിട്ടിരുന്ന ഇവരുടെ ടൊയോട്ട കാംരി കാറിൽ എതിർവശത്തുbനിന്നും നിയന്ത്രണം തെറ്റിവന്ന സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സിറാജ് മരിച്ചിരുന്നു. അജികുമാറിനെ പ്രാഥമിക ചികത്സ നൽകി ദമ്മാം ആശുപത്രിയിലേക്ക് മാറ്റി. അജികുമാർ ആണ് വാഹനം ഓടിച്ചിരുന്നത്. പിന്നിൽ ഇരുന്ന തമിഴ്നാട് സ്വദേശി ഹുസൈനെ പരിശോധനകൾക്ക് ശേഷം വീട്ടിലേക്ക് വിട്ടു.

ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സഊദിയിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങളുമായി സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്. ആസിയ ബാനുവാണ് സിറാജിന്റെ ഭാര്യ