തവക്കൽന അപ്ഡേറ്റ്; പ്രശ്ന പരിഹാരമായി, രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് അപ്ഡേറ്റ് ചെയ്യാൻ വീണ്ടും സൗകര്യം

0
3233

ഇഖാമ, സന്ദർശക വിസക്കാർ മൂന്ന് ഡോസ് വിവരങ്ങൾ നൽകിയാൽ മാത്രമായിരുന്നു അപ്ഡേറ്റ് ചെയ്യാൻ സാധിച്ചിരുന്നത്

റിയാദ്: നാട്ടിൽ നിന്ന് വാക്സിൻ എടുത്തവരിൽ തവക്കൽന അപ്ഡേറ്റ് ചെയ്യാൻ മൂന്ന് ഡോസ് വാക്സിൻ എടുത്തിരിക്കണമെന്ന നിബന്ധന ഒഴിവാക്കി. ഇതോടെ, പഴയ പടിയിൽ തന്നെ നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക ലിങ്ക് വഴി രേഖകൾ സമർപ്പിക്കാൻ കഴിയും. ഇന്നലെ മുതൽ നേരത്തെയുണ്ടായിരുന്ന ഈ സൗകര്യം എടുത്തു കളഞ്ഞിരുന്നു. സഊദി സന്ദർശക വിസക്കാർക്കാണ് കഴിഞ്ഞ ദിവസം മുതൽ മൂന്നാം ഡോസ് എടുത്ത വിവരങ്ങളും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യാതെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരിക്കുന്നത്.

ഇന്ന് മുതൽ ഇഖാമ ഉള്ളവർക്കും ഇതേ സ്ഥിതിയായിരുന്നു. നാട്ടിൽ നിന്ന് വാക്സിൻ എടുത്തവരിൽ തവക്കൽന അപ്ഡേറ്റ് ചെയ്യാനായി സഊദി ആരോഗ്യ മന്ത്രാലയത്തിൽ അപേക്ഷിക്കാൻ ശ്രമം നടത്തിയതോടെ മൂന്നാം ഡോസ് വിവരങ്ങൾ നൽകാതെ സാധിച്ചിരുന്നില്ല.

ഇതോടെ, പ്രതിസന്ധിയിലായ പ്രവാസികൾ തുടർച്ചയായി ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് വൈകുന്നേരത്തോടെ മൂന്നാം ഡോസ് വിവരങ്ങൾ നൽകണമെന്ന നിബന്ധന ഒഴിവാക്കിയത്. നിലവിൽ രണ്ട് ഡോസ് വാക്സിൻ വിവരങ്ങൾ നൽകി തവക്കൽന അപ്ഡേറ്റിന് വേണ്ടി സഊദി ആരോഗ്യ മന്ത്രാലയത്തിൽ അപേക്ഷിക്കാനാകും. മൂന്നാം ഡോസ് വിവരങ്ങൾ നൽകാനുള്ള ഓപ്ഷൻ ഉണ്ടെങ്കിലും അത് പൂരിപ്പിക്കാതെ തന്നെ വൈകുന്നേരം മുതൽ സബ്‌മിറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്.

എന്നാൽ, സഊദിയിൽ മൂന്നാം ഡോസ് നിർബന്ധമാക്കിയ സ്ഥിതിക്ക് മൂന്നാം ഡോസ് വിവരങ്ങൾ നൽകണമെന്നത് പിന്നീട് വീണ്ടും നിർബന്ധമാക്കുമോ എന്നത് വ്യക്തമല്ല. സഊദി സന്ദർശക വിസക്കാർക്കും ഇപ്പോൾ രണ്ട് ഡോസ് വാക്സിൻ വിവരങ്ങളുമായി അപ്ഡേറ്റ് ചെയ്യാനാകുമെന്നത് സന്ദർശക വിസക്കാർക്കും ഏറെ സഹായകരമാകും.

സഊദിയിൽ എത്തുന്ന സന്ദർശക വിസക്കാർക്കും അവരുടെ വാക്സിൻ സ്റ്റാറ്റസ് തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യുന്നതിനായി പുതിയ സംവിധാനം നിലവിൽ വന്നത് മലയാളം പ്രസ്സ് ആയിരുന്നു ആദ്യമായി റിപ്പോർട്ട് ചെയ്തത്. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കൽന അപ്ഡേറ്റ് ചെയ്യാനുള്ള ലിങ്കിലാണ് സഊദി സന്ദർശക വിസക്കാർക്കും തങ്ങളുടെ വാക്സിൻ വിവരങ്ങൾ തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയത്. ഇതോടെ, സഊദിയിലെത്തുന്ന കുടുംബ സന്ദർശക വിസക്കാർക്കും ഇഖാമയുള്ളവരുടേത് പോലെ തന്നെ തവക്കൽനയിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും ആരോഗ്യ സ്റ്റാറ്റസ് ഉപയോഗിക്കാനുമാകും.

സന്ദർശക വിസക്കാർക്ക് തവക്കൽന അപ്ഡേറ്റ് ചെയ്യാനായി അബ്ഷിർ രജിസ്ട്രേഷൻ നിർബന്ധമാണ്. എങ്കിൽ മാത്രമേ ആരോഗ്യ മന്ത്രാലയ ലിങ്കിൽ വാക്സിൻ വിവരങ്ങൾ നൽകാൻ സാധിക്കുകയുള്ളൂ. സഊദിയിലെത്തിയ സന്ദർശക വിസക്കാർക്ക് തങ്ങളുടെ ബോർഡർ നമ്പറും പാസ്പോർട്ട് നമ്പറും ഉപയോഗിച്ച് അബ്ഷിർ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്തവർക്ക് മാത്രമേ ആരോഗ്യ മന്ത്രാലയ ലിങ്കിൽ കയറി വാക്സിൻ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കൂ.

ആരോഗ്യമന്ത്രാലയത്തിന്റെ https://eservices.moh.gov.sa/CoronaVaccineRegistration എന്ന ലിങ്കിൽ കയറി വിസിറ്റർ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുണ്ട്. നേരത്തെ ഇഖാമ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിസിറ്റർ തിരഞ്ഞെടുക്കുമ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു ഓൺലൈൻ സംവിധാനമായ iam.gov.sa എന്ന സൈറ്റിലേക്ക് ലിങ്ക് ആകുകയാണ് ചെയ്യുന്നത്. ഇവിടെ അബ്ഷിർ യൂസർ നെയിം, പാസ്‌വേർഡ് നൽകി പ്രവേശിക്കണം. തുടർന്നാണ് വാക്സിൻ വിവരങ്ങൾ നൽകേണ്ടത്.

പുതിയ സംവിധാനത്തിൽ ഓരോ ഡോസ് വാക്സിൻ വിവരങ്ങളും നൽകാൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത വാക്സിൻ ഡോസുകൾ സ്വീകരിച്ചവർക്ക് ആ വിവരങ്ങൾ നൽകുവാനാകും. ഇന്ത്യയുടെ കൊവാക്സിൻ അടക്കം അടുത്തിടെ സഊദി ഭാഗികമായി അംഗീകരിച്ച വാക്സിനുകളും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.