സഊദി ചെക്ക്പോസ്റ്റിൽ വീഡിയോ എടുത്ത മലയാളി ജയിലിൽ, സംഭവം കുടുംബവുമായുള്ള യാത്രക്കിടെ

0
15216

ദമാം: സഊദിയിൽ മൊബൈൽ ഫോണിൽ കാണുന്നതെല്ലാം പകർത്തുന്നവർ ജാഗ്രതൈ. ഇത്തരത്തിൽ ഒരു വീഡിയോ പകർത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണിപ്പോൾ ഒരു മലയാളി. കുടുംബവുമൊത്ത് റിയാദ് ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെ ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം വീഡിയോ എടുത്ത് ടിക് ടോക്കിൽ പോസ്റ്റിയ സംഭവത്തിൽ തൃശൂർ ചാവക്കാട് സ്വദേശിയാണിപ്പോൾ ജയിലിൽ കഴിയുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് കണ്ണിൽ കണ്ടതെല്ലാം പകർത്തുന്നതും സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യുന്നതും പതിവാക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ സംഭവം.

ദമാം ക്രിമിനൽ കോടതി പരിഭാഷകൻ മുഹമ്മദ് നജാതി സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ: “കുടുംബവുമൊത്ത് റിയാദ് ഹൈവേയിലൂടെസഞ്ചരിക്കവേ ചെക്ക്പോസ്റ്റിന്റെ അടുക്കൽ നിന്നും ഉദ്യോഗസ്ഥരുടെ ചെറിയ ഒരു വീഡിയോ, ഉടനെയത് ടിക് ടോക്കിലേക്ക് ഒരു കാച്ചൽ, സംഭവം കണ്ട ഉദ്യോഗസ്ഥൻ മൊബൈലും കുടുംബനാഥനെയും കസ്റ്റഡിയിലെടുത്ത് സൈബർ സെല്ലിന് കൈമാറി, കോടതിയിൽ പ്രതി കുറ്റം സമ്മതിച്ചു. നിയമമറിയാതെ ചെയ്തു പോയതാണെന്നും കുടുംബമൊത്ത് താമസിക്കുന്ന എന്നോട് കനിയണമെന്നും പ്രതിയുടെ അപേക്ഷ,

അപേക്ഷ നിരസിച്ച കോടതി പ്രതിക്ക് രണ്ട് മാസം ജയിലും 5,000 റിയാൽ (ഏകദേശംഒരു ലക്ഷം രൂപ) പിഴയും വിധിച്ചു. പ്രതി ഒരുമാസത്തോളമായി ദമാം സെൻട്രൽ ജയിലിലാണ്. വർഷങ്ങളായി കുടുംബമൊത്ത് ദമാമിലാണ് താമസം. സമാനമായ ഒട്ടനവധി കേസുകളിൽ മലയാളി അവനറിയാതെ പെട്ടു പോവുന്നു. ജാഗ്രത കൈവിടാതിരിക്കുക. മൊബൈൽ കയ്യിലുണ്ടെന്ന് കരുതി
എന്തുമാവാമെന്ന ധാരണ തിരുത്തുക. മൊബൈൽ ക്യാമറകളെ നിയമത്തിന്റെ ഉറക്കമില്ലാത്ത ക്യാമറക്കണ്ണുകൾ നിരീക്ഷിക്കുന്നു എന്ന സത്യം നാം മറക്കാതിരിക്കുക.”

സഊദി അറേബ്യയിൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്താലുള്ള ശിക്ഷ അറിയാത്തവരല്ല പ്രവാസികളായി ഇവിടെക്കഴിയുന്ന നമ്മളെല്ലാം. അതിനാൽ തന്നെ അത്തരം കേസുകളിൽ പിടിക്കപ്പെട്ട് രണ്ടു മാസം മുതൽ പത്തു വർഷം വരെ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന മലയാളികളേയും സഊദി ജയിലുകളിൽ നമ്മൾക്ക് കാണാൻ കഴിയുമെന്നും ജയിൽ ശിക്ഷ മാത്രമല്ല ലക്ഷങ്ങൾ പിഴയടക്കേണ്ടതായും വരുമെന്നും മുഹമ്മദ്‌ നജാതി മുന്നറിയിപ്പ് നൽകുന്നു.