റിയാദ്: തബ്‌ലീഗ് ജമാഅത്തിനെ എന്തുകൊണ്ട് വിമര്‍ശിക്കുന്നുവെന്ന് വ്യക്തമാക്കി സഊദി അറേബ്യൻ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്. തബ്‌ലീഗ് ജമാഅത്തിനെ നിരോധിക്കുകയും പള്ളികളിൽ ഉദ്ബോധനം നടത്തുകയും വേണമെന്ന ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിന് പിന്നാലെ ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് ഗ്രാന്‍ഡ് മുഫ്തിയുടെ വിശദീകരണം. ഇസ്‌ലാമിക കാര്യ മന്ത്രി ഡോ: അബ്ദുല്ലത്തീഫ് ആലുശൈഖ് ആണ് കഴിഞ്ഞയാഴ്ച തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട സുപ്രധാന അറിയിപ്പുകൾ നൽകിയിരുന്നത്.
തബ്‌ലീഗ് ജമാഅത്ത് പുതുതായി ഉണ്ടാക്കി മതത്തില്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് (ബിദ്അത്ത് ) ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് പറഞ്ഞു. തബ്‌ലീഗ് സഹോദരന്മാര്‍ പല സാഹചര്യങ്ങളിലായി സൂഫിസത്തിന്റെ പാതയില്‍ പ്രവേശിച്ചവരാണ്. അവര്‍ രാവിലെയും വൈകുന്നേരവും ഉറങ്ങുന്ന സമയത്തുമുള്ള ദിക്‌റ് ചൊല്ലുന്നവരാണ്. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ അവരുമായി അടുത്തിടപഴകുന്നവരെ അവര്‍ സംസ്‌കാരസമ്പന്നരാക്കുന്നില്ല. അവര്‍ മുഖേന ആര്‍ക്കും വിജ്ഞാനമോ ഇസ്ലാമിന്റെ നിയമസംഹിതകളോ പഠിക്കാനാവുന്നില്ല.
ആരെങ്കിലും തെറ്റ് ചെയ്താല്‍ അത് ചൂണ്ടിക്കാണിക്കുന്നില്ല. അവര്‍ പറയുന്നത് പ്രവാചക പാത പിന്തുടരുകയെന്നാല്‍ പ്രബോധനം നടത്തുക എന്നാണ്. അവര്‍ സ്വന്തത്തില്‍ നിന്ന് അകന്നുപോകുന്നു. അവര്‍ അവരില്‍ തന്നെ ഒതുങ്ങുന്നു. അവരുടെ പാതയില്‍ സഞ്ചരിക്കുന്നവരോട് മാത്രം സഹവസിക്കുന്നു. പണ്ഡിതര്‍ അവരുമായി സഹവസിച്ചാല്‍ അവര്‍ ഇഷ്ടപ്പെടില്ല. അവരില്‍ നിന്നകന്നുപോയികൊണ്ടരിക്കും. അവര്‍ ഏതെങ്കിലും സ്ഥലത്തെത്തിയാല്‍ അല്ലെങ്കില്‍ മൂന്നോ നാല്‍പതോ ദിവസമോ മൂന്നു മാസമോ യാത്ര ചെയ്ത് വന്നാലും അവരില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമാവില്ല. അവര്‍ എന്നും ഒരു പോലെയായിരിക്കും. വിദ്യാഭ്യാസവും മതാവബോധവും അവര്‍ക്ക് കുറവായതാണ് ഇതിന് കാരണം. ഉപകാരപ്രദമായ വിജ്ഞാനവും സദ് വിജ്ഞാനവുമായി അവര്‍ക്ക് ബന്ധമില്ല. അത് കൊണ്ടാണ് അവരെ വിമര്‍ശിക്കുന്നത്. പണ്ഡിതരുമായി സഹവസിക്കണമെന്ന് നാമവരോട് പറയുന്നു. അവര്‍ ഖുര്‍ആനും പ്രവാചക ചര്യയും പഠിപ്പിച്ചുതരും.
അവര്‍ എല്ലാ കാര്യങ്ങളിലും അറബ് ലോകത്തിന് പുറത്തുള്ളവരോടാണ് അവലംബം പുലര്‍ത്തുന്നത്. ഇത് ചിലപ്പോള്‍ ബഹുദൈവ സങ്കല്‍പത്തിലേക്ക് എത്താന്‍ സാധ്യതയുണ്ട്. വിദൂര ദേശങ്ങളിലെ വ്യക്തികളെ ബൈഅത്ത് ചെയ്യാന്‍ അവര്‍ നിര്‍ബന്ധിക്കുന്നു. ഇത് കാരണമാണ് അവര്‍ ബിദ്അത്തുകാരാണ് എന്ന് പറയാന്‍ കാരണം. അവര്‍ അവരുടെ പ്രവൃത്തികളും വിശ്വാസങ്ങളും ത്യജിച്ച് ഖുര്‍ആനിലേക്കും പ്രവാചക ചര്യയിലേക്കും തിരിച്ചുവരുന്നില്ലെങ്കില്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത്- അദ്ദേഹം പറഞ്ഞു.
തബ്‌ലീഗ് ജമാഅത്തിനെതിരെ ശക്തമായ നിലപാടുമായി സഊദി അറേബ്യ, പ്രവർത്തനം നിരോധിച്ചു