റിയാദ്: സഊദിയിൽ മലയാളി ഹൗസ് ഡ്രൈവവറുടെ കഴുത്തിൽ കത്തിവെച്ചും തോക്ക് ചൂണ്ടിയും കവർച്ച. ഖമീസ് മുശൈത് അബഹയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുന്ന മലപ്പുറം പടപ്പറമ്പ് താമസിക്കുന്ന ഉബൈദിനാണ് ദുരനുഭവം. കഴുത്തിൽ കത്തിവെച്ചും തോക്ക് ചൂണ്ടിയും കവർച്ച സംഘത്തിന്റെ ഭീഷണിക്കിടെ ഒരു തക്കം കിട്ടിയപ്പോൾ കുതറി രക്ഷപ്പെട്ടതോടെ ജീവൻ തിരിച്ചു കിട്ടി. വാഹനം കവർച്ച സംഘം തട്ടിയെടുത്ത് കൊണ്ട് പോയി. ഖമീസ് മുശൈത് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഓൺലൈനിൽ മൊബൈൽ വിൽപ്പനക്ക് വെച്ച പരസ്യം കണ്ട് ബന്ധപ്പെട്ട് പോയതായിരുന്നു ഉബൈദ്. ഫുട്ബോൾ കളിക്കാരൻ കൂടിയായ ഇദ്ദേഹം മൊബൈൽ വിൽപ്പനക്കുള്ള പരസ്യത്തിലെ നമ്പറിൽ ബന്ധപ്പെട്ട് മൊബൈൽ നേരിൽ കാണുവാനായി അന്വേഷണം നടത്തിയപ്പോൾ മൊബൈൽ നേരിൽ കാണുവാനായി പ്രത്യേക അറിയിക്കുകയും അവിടേക്ക് എത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഫുട്ബോൾ കളി ഉള്ളതിനാലും ഫുട്ബോൾ കളി ഗ്രൗണ്ടിന് ഏകദേശം മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള സ്ഥലം ആയതിനാലും അതെ ദിവസം നേരിട്ട് കാണാമെന്ന് ഏൽക്കുകയും ചെയ്തു. അതിനാൽ തന്നെ ഒറ്റക്കായിരുന്നു യാത്ര.
സംഘം അറിയിച്ചതനുസരിച്ച് ഖമീസ് മുശയ്ത് ഖാലിദിയയിൽ എത്തിയപ്പോൾ തിരിച്ചറിയാനുള്ള അടയാളങ്ങൾ കൈമാറുകയും അതിന് ശേഷം രണ്ടംഗ സംഘം ഉബൈദിന്റെ വാഹനത്തിന് അടുത്തേക്ക് വരികയും ചെയ്തു. നേരിൽ കണ്ടപ്പോൾ മൊബൈൽ കയ്യിൽ ഇല്ലെന്നും വീട്ടിൽ ആണെന്നും അവിടേക്ക് പോകണമെന്നുമായി സംഘം. അവിടെ നിന്ന് വീട് എന്ന് പറയുന്ന ഒരു സ്ഥലത്തെത്തിയപ്പോൾ ഒരാൾ വീട്ടിൽ പോയി തിരിച്ചെത്തി മാതാവ് ദേഷ്യത്തിലാണെന്നും പണം ആദ്യം നൽകണമെന്നുമായി സംഘം.
ആദ്യം മൊബൈൽ കാണണമെന്നും അല്ലാതെ പണം നൽകില്ലെന്നും പറഞ്ഞതോടെ പിറകിൽ നിന്ന് ഒരാൾ കഴുത്തിൽ കത്തിവെക്കുകയും പണം എടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അതിനിടെ രണ്ടാമനും കത്തി കാണിക്കുകയും തോക്ക് പുറത്തെടുക്കുകയും ചെയ്തു. അതിനിടെ സംഘത്തിലെ ഒരാളുടെ ശ്രദ്ധ കളിക്കാൻ ഉപയോഗിക്കുന്ന ബൂട്ടുകളും ജെഴ്സിയും അടങ്ങിയ കവർ പരിശോധിക്കാനായി നീങ്ങിയപ്പോൾ രണ്ടാമന്റെ കൈ പിരിച്ച് കാറിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടെ സംഘം കാറുമായി കടന്നു കളഞ്ഞു. പണവും മൊബൈൽ പവർ ബാങ്ക് എന്നിവയും നഷ്ടപ്പെട്ടു.
കഴുത്തിൽ കത്തികൊണ്ടുള്ള നേർത്ത അടയാളം ഉണ്ടായിട്ടുണ്ടെങ്കിലും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ഉബൈദ്. വാഹനം കണ്ടെത്താനായി ശ്രമം തുടരുകയാണ്. ഖമീസ് മുശയ്ത് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.