റിയാദ്: സഊദിയിൽ സ്വകാര്യ വിപണിക്ക് ഗുണകരമാവും വിധം തൊഴിൽ നിയമത്തിൽ പരിഷ്കാരം. ഇത് പ്രകാരം ഇനി മുതൽ തൊഴിൽ നിയമ ലംഘനങ്ങൾക്ക് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നത് സ്ഥാപനത്തിൻ്റെ വലിപ്പത്തിനും പിഴകളുടെ രീതികൾക്കും അനുസൃതമായിട്ടായിരിക്കും. സഊദി മാനവ വിഭവ ശേഷി മന്ത്രാലയം പരിഷ്ക്കരിച്ച നിയമ ലംഘനങ്ങൾ വിശദമാക്കുന്ന പുതിയ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി നിയമ ലംഘനങ്ങൾ വ്യക്തമാക്കുന്ന പുതിയ പട്ടികക്ക് അംഗീകാരം നൽകി.
സ്ഥാപനങ്ങളെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് മൂന്ന് വിഭാഗങ്ങളാക്കി തരം തിരിച്ചിട്ടുണ്ട്. പത്തും അതിൽ കുറവുമുള്ള ജീവനക്കാരുള്ള സ്ഥാപനങ്ങൾ, 11 നും 50 ഇടയിൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ, 51 ഉം അതിനു മുകളിലും ജീവനക്കാരുള്ള സ്ഥാപനങ്ങൾ എന്നിങ്ങനെയാണു തരം തിരിച്ചിട്ടുള്ളത്. ഓരോ സ്ഥാപനങ്ങളുടെയും വലിപ്പത്തിനനുസരിച്ചായിരിക്കും പിഴ ചുമത്തുക. സ്വകാര്യ സ്ഥാപനങ്ങൾക്ക് പിഴ സംഖ്യകൾ ലഘൂകരിക്കുന്നതിനുള്ള വിവിധ പദ്ധതികളും മന്ത്രാലയത്തിൻ്റെ പുതിയ പരിഷ്ക്കരണത്തിൽ ഉൾപ്പെടുന്നുണ്ട്.
സ്ഥാപനത്തിൽ ആദ്യം നടത്തിയ പരിശോധനയിൽ പിടിക്കപ്പെട്ട നിയമ ലംഘനങ്ങളാണെങ്കിൽ പിഴ സംഖ്യയിൽ 80 ശതമാനം ഇളവ് അനുവദിക്കും. നിയമലംഘനം പരിഹരിക്കുന്നതിനുള്ള സമയ പരിധി, സ്ഥാപന ഉടമ ആവശ്യപ്പെട്ടാൽ നീട്ടി നൽകും. ഓരോ ലംഘനത്തിനും, സഊദി പൗരനെ ജോലിക്ക് നിയമിക്കുന്നതിനുള്ള പ്രതിഫലമായ ഇളവ് 80 ശതമാനമായി ഉയർത്തും. സ്റ്റാ ഓരോ കാറ്റഗറിക്കും വ്യത്യസ്തമായിരിക്കും പിഴ. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആകർഷകമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനും ഈ പരിഷ്കരണം സഹായിക്കും. നിയമലംഘനം കണ്ടെത്തി കുറ്റം ചുമത്തിയാൽ 60 ദിവസത്തിനുള്ളിൽ സ്ഥാപന ഉടമയ്ക്ക് എതിർ വാദം ഉന്നയിച്ച് പരാതി നൽകാം.
സ്റ്റാർട്ടപ്പുകൾക്കും പുതിയ സംരംഭകർക്കും ആദ്യ വർഷം ശിക്ഷയുണ്ടാവില്ല. പകരം നിയമങ്ങൾ സംബന്ധിച്ച അവബോധവും മാർഗനിർദേശവും നൽകും. ഉപദേശവും മാർഗനിർദേശവും നൽകുന്നത് തുടരുകയും ചെയ്യും. സ്വകാര്യ സ്ഥാപനങ്ങൾക്കും സംരംഭകർക്കും താങ്ങായിട്ടാണ് ഈ നീക്കം. സഊദി കൗൺസിൽ ഓഫ് ചേംബേഴ്സ് സ്വകാര്യ മേഖലയുമായി ഏകോപിച്ച് പൊതുജനങ്ങളുടെയും സർക്കാർ ഏജൻസികളുടെയും അഭിപ്രായങ്ങൾ ക്ഷണിച്ചാണ് തീരുമാനമെടുത്തത്.