കോഴിക്കോട്: ശനിയാഴ്ച പുലർച്ചെ സഊദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി കുടുംബങ്ങളുടെ മൃതദേഹങ്ങൾ മയ്യത്തുകൾ ബേപ്പൂരിലെത്തിച്ച് ഖബറടക്കി. അപകടത്തിൽ മരണപ്പെട്ട കോഴിക്കോട് ബേപ്പൂർ സ്വദേശി പാണ്ടികശാലക്കണ്ടി വീട്ടിൽ മുഹമ്മദ് ജാബിർ (45), ഭാര്യ കോഴിക്കോട് കാരപ്പറമ്പ് ഇസ്മാഈലിെൻറ മകൾ ഷബ്ന ജാബിർ (36), മക്കളായ ലുത്ഫി മുഹമ്മദ് ജാബിർ (12), സഹ ജാബിർ (6), ലൈബ മുഹമ്മദ് ജാബിർ (8) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ണീർ കുതിർന്ന അന്തരീക്ഷത്തിൽ ഖബറടക്കിയത്.
പൊലീസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഞായറാഴ്ച രാത്രിയോടെ അൽറൈനിൽനിന്ന് മൃതദേഹങ്ങൾ റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെ നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹങ്ങൾ ബേപ്പൂരിലാണ് ഖബറടക്കിയത്. വളരെ വികാര നിർഭരം ആയിരുന്നു ഇവിടുത്തെ കാഴ്ചകൾ. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട കുടുംബത്തെ ഒന്നടങ്കം വിധി തട്ടിയെടുത്ത ഞെട്ടലിൽ നിന്ന് ഇനിയും ഗ്രാമം മുക്തമായിട്ടില്ല. ബേപ്പൂരിൽ എത്തിച്ച മയ്യത്തുകൾ അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് കാണിച്ചു കൊടുത്തത്. പൊതു ദർശനം ഉണ്ടാകുകയില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അടുത്തടുത്തായി തയാറാക്കിയ ഖബറുകളിൽ ആണ് അഞ്ച് പേരെയും ഖബറടക്കിയത്. ഏറെക്കുറെ പൂർത്തിയായ ഇവരെ കാത്ത് നിൽക്കുന്ന വീട്ടിലേക്ക് ഇനി ഇവർ എത്തുകയില്ല. പകരം ആറടി മണ്ണിലേക്ക് വിധി തട്ടിയെടുത്ത ദാരുണ അപകടം വിശ്വസിക്കാൻ നാട്ടുകാർക്കും അടുത്ത സുഹൃത്തുക്കൾക്കും ഇനിയും ആയിട്ടില്ല.
പുതിയ സ്ഥലത്തെ ജോലി ഏൽക്കാനുള്ള യാത്രക്കിടെയാണ് അഞ്ചംഗ കുടുംബത്തെ മരണം മാടിവിളിച്ചത്. കിഴക്കൻ സഊദിയിലെ ജുബൈലിൽ നിന്നും പുതിയ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ദാരുണ മരണം. ജിസാനിലെ അബ്ദുൽ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു ഇവർ. ശനിയാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച കാറിന് പിറകിൽ സ്വദേശി പൗരന്റെ ലാൻറ് ക്രൂയിസർ കാർ ഇടിച്ചു കയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ജാബിറായിരുന്നു. അപകടത്തിൽ ഇവരുടെ കാർ പൂർണ്ണമായും തകർന്നിട്ടുണ്ട്. അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ട്.
ജുബൈലിൽ നിന്നും പുതിയ താമസ സ്ഥലത്തേക്ക് മാറുന്നതിന്റെ മുന്നോടിയായി ആദ്യം വീട്ടുപകരണങ്ങൾ അയച്ചിരുന്നു. എന്നാൽ, വസ്തുക്കൾ അവിടെ എത്തിയിട്ടും കുടുംബം എത്താതിരുന്നതോടെ സുഹൃത്തുക്കൾ അന്വേഷണവുമായി രംഗത്തെത്തുകയായിരുന്നു. ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടാതായതോടെ കുടുംബത്തെ കാണാതായി വാർത്ത പരന്നു.
തുടർന്ന് കുടുംബത്തിന്റെ വിവരങ്ങൾ തേടി സോഷ്യൽ മീഡിയ വഴി അന്വേഷണം വ്യാപകമാക്കി. മലയാളി സംഘടനകളുടെയും സാമൂഹ്യ പ്രവർത്തകരുടെയും അന്വേഷണത്തിനൊടുവിലാണ് അപകട വിവരം പുറത്തറിഞ്ഞത്. റിയാദിൽ നിന്നും 198 കിലോമീറ്റർ അകലെയുള്ള അൽ റൈനിൽ അപകടം നടന്നിരുന്നതായാണ് വിവരം ലഭ്യമായത്. കൂടുതൽ അന്വേഷണത്തിൽ അപകടത്തിൽ പെട്ടത് ഇവരാണെന്നും തിരിച്ചറിഞ്ഞു. സഊദിയിലെ മലയാളി സമൂഹത്തെ ഏറെ നടുക്കുന്ന അപകട വാർത്തയായിരുന്നു ഈ സംഭവം.
വീഡിയോ 👇